anu-sithara

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിവാദച്ചുഴിയിൽ പെട്ടയാളാണ് മലയാളിയുടെ 'ജനപ്രിയനായ' നടൻ ദിലീപ്. എന്നാൽ ഈ സംഭവത്തിന് മുൻപ് തന്നെ വിവാദങ്ങൾ ദിലീപിനെ വിടാതെ പിടികൂടിയിരുന്നു. മുൻ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം വേർപെടുത്തൽ , നടി കാവ്യാ മാധവനെ വിവാഹം ചെയ്തത് തുടങ്ങി ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ച നിരവധി കാര്യങ്ങളാണ് ഇതിന് കാരണമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിയുടെ സ്ഥാനത്തേക്ക് ദിലീപ് എത്തിയതോടെ വിവാദങ്ങളുടെ ഒത്ത നടുക്ക് ദിലീപ് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു.

തന്റെ സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും എന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം നായകനായ 'രാമലീല' എന്ന ചിത്രം പുറത്തിറക്കുന്നത്. ചിന്തകൾ എല്ലാം അസ്ഥാനത്താക്കി 'രാമലീല' തീയറ്ററുകളിൽ ഗംഭീര വിജയം നേടി. ദിലീപിന് നഷ്ടമാകുമെന്ന് കരുതപ്പെട്ട ആരാധക വൃന്ദം ദിലീപിനെ തേടി വീണ്ടുമെത്തി. കമ്മാരസംഭവം, കോടതിസമക്ഷം ബാലൻ വക്കീൽ, എന്നീ ചിത്രങ്ങളിലൂടെ തന്റെ നഷ്ടപെട്ട 'ജനപ്രിയനായകൻ' പട്ടം ദിലീപ് തിരികെ വാങ്ങി.

ദിലീപിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അനു സിത്താര നായികയായ 'ശുഭരാത്രി'. എന്നാൽ ദിലീപിന്റെ നായികയായി അഭിനയിച്ചു എന്ന കാരണത്തിന് ഏറെ ട്രോളുകളും വിമർശനങ്ങളും നേരിടുകയാണ് ഈ നടി ഇപ്പോൾ. കുറ്റാരോപിതനായി നിൽക്കുന്ന നടനുമായി അഭിനയിക്കാൻ മടിയില്ലേ എന്നാണ് അനുവിനെതിരെ വരുന്ന പ്രധാന ചോദ്യം. ദിലീപ് സിനിമ ഇനിയും കിട്ടിയില്ലേ എന്നും അവർ ചോദിച്ചതായി അനു വെളിപ്പെടുത്തുന്നു.

എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയാണ് അനു മുന്നേറുന്നത്. ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താൻ ഒരിക്കലും 'നോ' പറയില്ലെന്നുമായിരുന്നു അനു സിത്താര തീരിച്ചടിച്ചത്. ദിലീപിനൊപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന ഒരവസരവും താൻ വേണ്ടെന്ന് വയ്ക്കില്ലെന്നും അനു പറഞ്ഞു.