ചെന്നൈ : വരൾച്ച രൂക്ഷമായതോടെ ചെന്നൈ നിവാസികൾക്ക് കുടിവെള്ളമേകാൻ ജലം നിറച്ച ജലതീവണ്ടികൾ പുറപ്പെടുന്നു. ജോലാർപേട്ടയിൽ നിന്ന് ചെന്നൈയിലേക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ വെള്ളവുമായി തീവണ്ടികൾ പുറപ്പെടും.
ഓരോ ട്രിപ്പിനും 8.6 ലക്ഷം രൂപയാണ് ദക്ഷിണ റെയിൽവേ ഈടാക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 34 പൈസ വീതമാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നത്. ഇത്തരത്തിൽ ഓരോ ദിവസവും മൂന്ന് ട്രിപ്പുകൾ വീതമുണ്ട്. എന്നാൽ ചെന്നൈയിലെത്തുമ്പോൾ ഇതിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ ജലം തുളുമ്പിപ്പോകുമെന്നാണ് കണക്കാക്കുന്നത്.
വില്ലിവാക്കത്തെ നോർത്ത് ജഗന്നാഥ് നഗറിലാണ് ജലം എത്തിക്കുന്നത്. ജോലാർപ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കിൽ നിന്ന് വെല്ലൂർ ശുദ്ധജല വിതരണ പദ്ധതി പ്രകാരം 2.5 കിലോമീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് എത്തിക്കുന്നത്. ഭൂഗർഭജലത്തിന്റെ തോത് വർദ്ധിക്കുന്നത് വരെ ആറുമാസത്തേക്ക് ഇത്തരത്തിൽ വെള്ളമെത്തിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഓരോ വാഗണിലും 55,000 ലിറ്റർ വെള്ളം
8.6 ലക്ഷം രൂപ - ഓരോ ട്രിപ്പിനും ദക്ഷിണ റെയിൽവേ ഈടാക്കുന്നത്
204 കിലോമീറ്റർ - ദൂരമുണ്ട് ചെന്നൈയിലേക്ക്
5-7 മണിക്കൂർ വരെ സമയമെടുക്കും
34 പൈസ- ഒരു ലിറ്റർ ജലത്തിനുള്ള സർക്കാർ ചെലവ്