rss

നാഗ്പൂർ: ആർ.എസ്.എസിന്റെ ചരിത്രം സിലബസിൽ ഉൾപ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സർവകലാശാല രംഗത്തെത്തി. രണ്ടാം വർഷ ചരിത്ര വിഭാഗം വിദ്യാർത്ഥികളുടെ സിലബസിലാണ് രാഷ്ട്ര നിർമ്മാണത്തിൽ ആർ.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗം ഉൾക്കൊള്ളിച്ചത്. അതേസമയം, സർവകലാശാലയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രനിർമാണത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന് നാഗ്പൂർ സർവകലാശാലയ്ക്ക് എവിടെനിന്നാണ് വിവരം ലഭിച്ചതെന്നും സ്വാതന്ത്ര്യസമരത്തെപോലും എതിർത്തവരാണ് ആർ.എസ്.എസ് എന്നും മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു.

1885 മുതൽ 1947 വരെയുള്ള ഇന്ത്യയുടെ ചരിത്രം എന്ന പാഠത്തിലാണ് ആർ.എസ്.എസിന്റെ ചരിത്രം ഉൾക്കൊള്ളിച്ചത്. പാഠഭാഗത്തിന്റെ ആദ്യ ഘട്ടത്തിൽകോൺഗ്രസിന്റെ രൂപവത്കരണവും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിസഹകരണ സമരവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് രാഷ്ട്രനിർമാണത്തിൽ ആർ.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗവും ഉൾപ്പെടുത്തിയിരിക്കുന്നത്.

ആർ.എസ്.എസിനെ സംബന്ധിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയത് വിദ്യാർഥികൾക്ക് പുതിയ അറിവുകൾ ലഭിക്കാൻ സഹായകമാകുമെന്നായിരുന്നു സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫ്‌ലെയുടെ പ്രതികരണം. ബാലഗംഗാധര തിലക് അടക്കമുള്ളവർ ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ സംഘപരിവാറും ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.