ഇന്ത്യ - ന്യൂസിലൻഡ് ലോകകപ്പ് സെമിക്കിടെ മഴ, മത്സരം ഇന്ന് പുനരാരംഭിക്കും
മാഞ്ചസ്റ്രർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ മഴയുടെ കളി. മാഞ്ചസ്റ്ററിൽ ആദ്യം ബാറ്രിംഗിനിറങ്ങി ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറിപ്പോയ ന്യൂസിലൻഡ് 46.1 ഓവറിൽ 211/5 എന്ന നിലയിലായിരിക്കുമ്പോഴാണ് കനത്ത മഴമൂലം മത്സരം നിറുത്തി വയ്ക്കേണ്ടി വന്നത്. തുടർച്ചയായി പെയ്ത മഴമൂലം ഇന്നലെ പിന്നീട് മത്സരം തുടരാൻ കഴിഞ്ഞില്ല.
റിസർവ് ദിനമായ ഇന്ന് മത്സരം ഇന്നലെ നിറുത്തിയിടത്തുനിന്ന് പുനരാരംഭിക്കും. ഇന്നും മഴ തുടർന്ന് മത്സരത്തിന് ഫലമില്ലാതെ വന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്രവും കൂടുതൽ പോയിന്റ് നേടിയ ഇന്ത്യ ഫൈനലിൽ എത്തും. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡ് നാലാം സ്ഥാനത്തായിരുന്നു.
ഓരോ മാറ്റങ്ങൾ
രണ്ട് ടീമും ഓരോ മാറ്രങ്ങളുമായാണ് സെമിക്കിറങ്ങിയത്. ഇന്ത്യൻ ടീമിൽ അവസാന ലീഗ് മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ കളിച്ച കുൽദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചഹൽ അവസാന ഇലവനിൽ ഇടം നേടി. ബാറ്രിംഗ് നിരയുടെ ആഴം കൂട്ടാനായി രവീന്ദ്ര ജഡേജയെ ടീമിൽ നിലനിറുത്തിയപ്പോൾ മുഹമ്മദ് ഷമി ഇന്നലെയും പുറത്തിരുന്നു.
ബുംറ, ഭുവനേശ്വർ, ചഹാൽ, എന്നിവരും ആൾ റൗണ്ടർമാരായ ഹാർദ്ദിക്കും ജഡേജയുമായിരുന്നു ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തത്. അതേസമയം റൺസ് വഴങ്ങിയെങ്കിലും കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഹാട്രിക്ക് ഉൾപ്പെടെ 14 വിക്കറ്രെടുത്ത മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. ശ്രീലങ്കയ്ക്കെതിരെയും ഷമി കളിച്ചിരുന്നില്ല. ന്യൂസിലൻഡ് സൗത്തിക്ക് പകരം പരിക്ക് ഭേദമായ ലോക്കി ഫെർഗൂസനെ അവരുടെ അവസാന പതിനൊന്നിൽ ഉൾപ്പെടുത്തി.
തപ്പിത്തടഞ്ഞ് കിവീസ്
ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കേൻ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ലോകകപ്പിൽ താളം കണ്ടെത്താൻ പാടുപെട്ട ന്യൂസിലൻഡ് ഓപ്പണർമാരുടെ സ്ഥിതി ഇന്നലെയും വ്യത്യസ്തമായിരുന്നില്ല. ഇന്ത്യൻ പേസിന് മുന്നിൽ തപ്പിത്തടഞ്ഞ കിവി ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലും ഹെൻറി നിക്കോളാസും റൺസ് കണ്ടെത്താൻ വിഷമിച്ചു. ബുംറയെറിഞ്ഞ ആദ്യ ഓവർ ഗപ്ടിലും ഭുവനേശ്വർ എറിഞ്ഞ രണ്ടാം ഓവർ നിക്കോളാസും മെയ്ഡനാക്കി.
നാലമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ഗപ്ടിൽ മടങ്ങി. ബുംറയുടെ ഗുഡ്ലെംഗ്ത്ത് ബാളിന്റെ ദിശ മനസിലാക്കാതെ ബാറ്ര് വച്ച ഗപ്ടിലിനെ സ്ലിപ്പിൽ കൊഹ്ലി മനോഹരമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. 14 പന്ത് നേരിട്ട ഗപ്ടിലിന് നേടാനായത് ഒരു റൺസ് മാത്രമാണ്. തുടർന്നെത്തിയ വില്യംസൺ നിക്കോളാസിനൊപ്പം ഏറെ ശ്രദ്ധയോടെ കളിച്ചു കിവി ഇന്നിംഗ്സിനെ പതുക്കെ മുന്നോട്ട് കൊണ്ടു പോയി. 10 ഓവർ പൂർത്തിയാകുമ്പോൾ 27 റൺസ് മാത്രമാണ് കിവികളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ. 19മത്തെ ഓവറിലെ രണ്ടാം പന്തിൽ നിക്കോളാസിനെ ക്ലീൻബൗൾഡാക്കി ജഡേജ കിവികൾക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. 51 പന്ത് നേരിട്ട് 2 ഫോറുൾപ്പെടെ നിക്കോളാസ് 28 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ വില്യംസണുമായി ചേർന്ന് 68 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കിയ ശേഷമായിരുന്നു നിക്കോളാസിന്റെ മടക്കം. തുടർന്ന് പരിചയസമ്പന്നനായ റോസ് ടെയ്ലർ ക്രീസിലെത്തി. ടെയ്ലറും വില്യംസസണും വിക്കറ്റ് കളയാതെ ശ്രദ്ധയോടെ ബാറ്റ് ചെയ്തതോടെ കിവി റൺറേറ്ര് വീണ്ടും താണു. ഇരുവരും മൂന്നാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തു. 36മത്തെ ഓവറിലെ രണ്ടാം പന്തിൽ വില്യംസണെ ജഡേജയുടെ കൈയിൽ എത്തിച്ച് ചഹലാണ് ഈകൂട്ടുകെട്ട് പൊളിച്ചത്.
95 പന്ത് നേരിട്ട് 6 ഫോറുൾപ്പെടെ 67 റൺസാണ് വില്യംസൺ നേടിയത്. റൺറേറ്റുയർത്താനായി സ്ഥാനക്കയറ്റം കിട്ടിയ ജയിംസ് നീഷമാണ് പിന്നീട് എത്തിയത്. 18 പന്ത് നേരിട്ട് 1 ഫോറുൾപ്പെടെ 12 റൺസിൽ നിൽക്കെ പാണ്ഡ്യയെ ഉയർത്തിയടിക്കാൻ ശ്രമിച്ച നീഷമിന്റെ ഇന്നിംഗ്സ് കാർത്തിക്കിന്റെ കൈയിൽ അവസാനിച്ചു. തുടർന്ന് ഗ്രാൻഡ്ഹോമ്മെ ക്രീസിലെത്തി. ഗ്രാൻഡ്ഹോമ്മെ ടെയ്ലർക്കൊപ്പം കിവീസിന്റെ റൺറേറ്ര് ഉയർത്തി. 10 ബാളിൽ 2 ഫോറുൾപ്പെടെ 16 റൺസ് നേടിയ ഗ്രാൻഡ്ഹോമ്മെയെ ധോണിയുടെ കൈയിൽ എത്തിച്ച് ഭുവനേശ്വർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. ടെയ്ലർക്കൊപ്പം 22 പന്തിൽ 38 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു ഗ്രാൻഡ്ഹോമ്മെയുടെ മടക്കം. തുടർന്ന് ഒരു എൽബി അപ്പീൽ ഡി.ആർ.എസിലൂടെ മറികടന്ന് ടെയ്ലർ ആറാമനായെത്തിയ ടോം ലതാമിനൊപ്പം ന്യൂസിലൻഡ് സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മഴയെത്തിയത്. 46.1 ഓവറിൽ 211/5 എന്നനിലയിലായിരുന്നു ന്യൂസിലൻഡ് അപ്പോൾ. ഇന്ത്യയ്ക്കായി ബൗൾ ചെയ്ത ഭുവനേശ്വർ, ബുംറ, ചഹൽ, ജഡേജ, പാണ്ഡ്യ എന്നിവരെല്ലാം ഓരോവിക്കറ്റ് വീതം വീഴ്ത്തി.