bjp

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ കോൺഗ്രസ് സർക്കാരിന് താഴെയിറക്കാൻ ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. നാളെ ഉച്ചയോടെ ഗവർണറെ കണ്ട് സർക്കാരുണ്ടാൻ അവകാശ വാദം ഉന്നയിക്കാനാണ് ബി.ജെ.പി നീക്കം. ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് ചേർന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ബി.ജെ.പി നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തുക.

നിലവിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷമില്ല. തങ്ങൾക്ക് 107 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഭരണ കക്ഷിയുടെ 14 എം.എൽ.എമാർ രാജിവച്ചു. അതിനാൽ നിലവിലെ സർക്കാരിന്റെ പിന്തുണ 103ആയി ചുരുങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് തങ്ങൾക്ക് സർക്കാരുണ്ടാക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പി ഇപ്പോൾ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കണമെന്നും അതിനുള്ള ഇടപെടൽ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാവണെന്നായിരിക്കും നാളെ കൂടിക്കാഴ്ച നടത്തുമ്പോൾ ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുക.

അതേസമയം, എം.എൽ.എമാരുടെ രാജി സ്വീകരിക്കാൻ വൈകുന്നതിൽ സ്പീക്കർക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. ബുധനാഴ്ച മുഴുവൻ ബി.ജെ.പി എം.എൽ.എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി നടത്തുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കി.

എം.എൽ.എമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കർ വൈകുന്നതോടെയാണ് പരസ്യമായ നിലപാടുമായി ബി.ജെ.പിയും യെദ്യൂരപ്പയും രംഗത്ത് വന്നത്. സ്പീക്കർ രാജി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് നിലപാട് പിന്നീട് വ്യക്തമാക്കാമെന്ന മറുപടിയാണ് യെദ്യൂരപ്പ നൽകിയത്. കുമാരസ്വാമി സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഴുവൻ എം.എൽ.എമാരെയും അണിനിരത്തി വിധാൻ സൗധയ്ക്ക് മുന്നിൽ നാളെ പ്രതിഷേധ പരിപാടി നടത്തുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.