ജിദ്ദ: സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തിയ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലേക്കുള്ള എ.ഐ 966 വിമാനത്തിലും ജിദ്ദയിൽനിന്നു കൊച്ചിയിലേക്കുള്ള എ.ഐ 964 വിമാനത്തിലും ഹജ്ജ് തീർത്ഥാടകർ സംസം വെള്ളം കൊണ്ടുപോകുന്നതിന് സെപ്തംബർ 15 വരെ ഏർപ്പെടുത്തിയ വിലക്കാണ് എയർ ഇന്ത്യ നീക്കിയത്. സൗജന്യമായി കൊണ്ടുപോകാൻ അനുമതിയുള്ള ബാഗേജ് പരിധിയിൽ വരുന്നരീതിയിൽ സംസം വെള്ളം കൊണ്ടുപോകാം. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.

ജൂലായ് നാലിനാണ് രണ്ട് വിമാനങ്ങളിൽ സംസം കാനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ആഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. ഇതേസമയം ഗൾഫ് രാജ്യങ്ങളിൽ വാർഷിക സ്കൂൾ അവധിയുമാണ്. ഇതു രണ്ടും കണക്കിലെടുത്ത് വിമാനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ ചെറിയ വിമാനങ്ങളിൽ സംസം കാൻ കൂടി വഹിക്കാനുള്ള സ്ഥലമുണ്ടാകില്ലെന്നും പറഞ്ഞായിരുന്നു വിലക്ക്.


എന്താണ് സംസം വെള്ളം?

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നു പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് വിശ്വാസം. മക്കയിലെ മസ്ജിദിലാണ് സംസം കിണറുള്ളത്. ഹജ്ജ് തീർത്ഥാടകർ പരിശുദ്ധമെന്ന് കരുതുന്ന ഈ സംസം വെള്ളം നാട്ടിലേക്ക് മടങ്ങുമ്പോൾ കൈയിൽ കരുതാറുണ്ട്. ഇത് അസുഖങ്ങൾ സുഖപ്പെടുത്തുമെന്നാണ് വിശ്വാസം.