ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വിദേശത്തേക്ക് പോകാൻ ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചു. ഇടക്കാല യാത്രാനുമതി നൽകാനാവില്ലെന്നും 18,000 കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകിയാൽ നരേഷ് ഗോയലിന് വിദേശത്തേക്ക് പോകാമെന്നും കോടതി വ്യക്തമാക്കി.

18,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നരേഷ് ഗോയൽ അന്വേഷണം നേരിടുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതിന് പിന്നാലെയാണിത്.

മേയ് 25ന് ദുബായിലേക്ക് പോകാനിരുന്ന തന്നെ വിമാനത്തിൽനിന്ന് തിരിച്ചിറക്കുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തത് ചോദ്യംചെയ്ത് നരേഷ് ഗോയൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ കേസൊന്നും ഇല്ലാതിരുന്നിട്ടും അധികൃതർ യാത്രാനുമതി നിഷേധിച്ചുവെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ ഹൈക്കോടതി വിവിധ മന്ത്രാലയങ്ങളുടെ നിലപാട് ആരാഞ്ഞിട്ടുണ്ട്. ഹർജി ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്സ് കമ്പനിക്കുവേണ്ടി ധനസമാഹരണം നടത്താനാണ് ഗോയൽ ദുബായിലേക്കും ലണ്ടനിലേക്കും പോകാനിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.