kripasanam

ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വി പി ജോസഫ് വലിയവീട്ടിൽ പനി ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃപാസനം അച്ഛൻ എന്നറിയപ്പെടുന്ന ഫാ. ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കൃപാസനം അച്ഛന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി അടുത്തിടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇതോടെയാണ് കൃപാസനം വാർത്തകളിൽ നിറഞ്ഞത്. ഇതിനു പിന്നാലെ പട്ടണക്കാട് സർക്കാർ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു. പാഠപുസ്തകത്തിനിടയിലും കിടക്കുമ്പോൾ തലയിണയ്ക്കടിയിലും പത്രം വയ്ക്കണമെന്നും അദ്ധ്യാപിക നിർദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്താൽ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുമെന്നായിരുന്നു ഉപദേശം.

മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തിൽ കിടത്തിപ്പോൾ സൗഖ്യം ഉണ്ടായെന്ന പ്രചാരണവും ഏറെ വിമർശനങ്ങൾക്കിടയാക്കി. കൈ ഒടിഞ്ഞയാൾക്ക് രണ്ടു മാസം പ്ലാസ്റ്റർ ഇട്ടിട്ടും അസ്ഥി കൂടിയില്ല. ഒടുവിൽ കൃപാസനം പത്രം കൈയിൽ പൊതിഞ്ഞു വച്ചപ്പോഴാണ് അസ്ഥി കൂടിയതെന്നും പ്രചരണമുണ്ടായി. കൃപാസനം പത്രം കഴിച്ചാൽ രോഗ ശാന്തിയുണ്ടാകുമെന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങൾക്കിടയിലാണ് പനി ബാധയ്ക്ക് ചികിത്സ തേടി ഫാദർ ജോസഫ് ആശുപത്രിയിൽ എത്തിയത്‌