ബെയ്ജിംഗ്:കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ആഴ്ചകളായി ഹോങ്കോംഗിൽ തുടരുന്ന ജനകീയ പ്രക്ഷോഭത്തിന് വിജയം. ബില്ല് ഹോങ്കോംഗ് സർക്കാർ പിൻവലിച്ചു. ബിൽ പൂർണ പരാജയമാണെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു.
'ഞാൻ വ്യക്തമായി പറയുന്നു, ബിൽ ഇനിയില്ല. ബില്ലിനു വേണ്ടിയുള്ള സർക്കാരിന്റെ ശ്രമങ്ങൾ പൂർണമായി പരാജയപ്പെട്ടു ' കാരി ലാം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലെജിസ്‌ലേറ്റീവ് കൗൺസിലിൽ സർക്കാർ വീണ്ടും ബിൽ കൊണ്ടുവരുമെന്നു പരക്കെ ആശങ്കയുണ്ട്. എന്നാൽ അതിന് ആലോചനയില്ലെന്നും ബിൽ 'മരിച്ചു'വെന്നും കാരി ലാം പറഞ്ഞു.
ഒരുമാസമായി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലായിരുന്നു ഹോങ്കോംഗ്. വിവാദബില്ലിനെതിരെ പൊട്ടിപ്പുറപ്പെട്ട ചൈനാ വിരുദ്ധ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വളരുന്നതിനിടെയാണ് ഹോങ്കോങ് ഭരണകൂടം ബിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പ്രക്ഷോഭകർ അറസ്റ്റിലായിരുന്നു.
1997 ൽ ഹോങ്കോങ് ചൈനയ്‌ക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ച ശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങിൽ നടന്നിട്ടില്ല. ശക്തമായ പ്രക്ഷോഭവും കടുത്ത പോലീസ് നടപടികളുമാണ് ഉണ്ടായത്. പ്രതിഷേധം കടുത്തതോടെ ബില്ല് മരവിപ്പിക്കുകയും ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ബില്ല് മരവിപ്പിച്ചാൽ പോരാ
ബില്ല് പിൻവലിക്കുക, ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇന്നയിച്ച് പ്രക്ഷോഭകർ വീണ്ടും തെരുവിലിറങ്ങുകയായിരുന്നു.കുറ്റവാളികളെ ചൈനയ്‌ക്ക് കൈമാറാൻ വ്യവസ്ഥയുള്ള ബിൽ പിൻവലിക്കില്ലെന്നും നിയമനിർമ്മാണവുമായി മുന്നോട്ടു പോവുമെന്നും ആദ്യം കാരി ലാം പറഞ്ഞിരുന്നു.
പത്തുലക്ഷത്തോളം പ്രക്ഷോഭകർ
ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. സമരത്തിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങൾ ജോലിക്കാർക്ക് അവധി അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പ്രക്ഷോഭകർ അറസ്റ്റിലായിരുന്നു. മോങ്‌കോക് ജില്ലയിൽ മുഖംമൂടി ധരിച്ച് അർദ്ധരാത്രി റോഡിലൂടെ നടക്കുകയായിരുന്ന യുവാക്കളുമായാണ് സംഘർഷമുണ്ടായത്. ഇത് ജനകീയ പ്രക്ഷോഭത്തിന്ന് ഇടയാക്കിയതോടെ നിയമം നടപ്പാക്കുന്നത് നിറുത്തി വയ്ക്കുകയായിരുന്നു. ഹോങ് കോങ് ചൈനയുടെ ഭാഗമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.