serina

സെറീന വില്യംസും സിമോണ ഹാലപ്പും വിംബിൾഡൺ സെമിയിൽ

ലണ്ടൻ: അമേരിക്കൻ സൂപ്പർതാരം സെറീന വില്യംസ് വിംബിൾഡൺ ഗ്രാൻഡ്‌സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ സെമിയിലെത്തി. വനിതാ സംഗിൾസിൽ ഇന്നലെ സീഡില്ലാത്ത അമേരിക്കൻ താരം അലിസൺ റിസ്കെയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ 6-4, 4-6, 6-3ന് കീഴടക്കിയാണ് സെറീനയുടെ ഫൈനൽ പ്രവേശനം. ഇത് പന്ത്രണ്ടാം തവണയാണ് സെറീന വിംബിൾഡണിന്റെ സെമിയിലെത്തുന്നത്. 24 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താൻ രണ്ട് ജയങ്ങൾക്ക് മാത്രം അകലെയാണ് 37കാരിയായ സെറീനയിപ്പോൾ. വിംബിൾഡണിൽ സെറീനയുടെ 97-ാം വിജയമാണിത്. മറ്രൊരു ക്വാർട്ടറിൽ ചൈനീസ് താരം ഷാംഗ് ഷുയിയെ കീഴടക്കി മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പും സെമിയിലെത്തി. നേരിട്ടുള്ള സെറ്രുകളിൽ 7-6, 6-1നാണ് വിബിംൾഡൺ ക്വാർട്ടർ കളിക്കുന്ന ആദ്യ ചൈനീസ് താരമായ ഷുയിയെ ഹാലപ്പ് വീഴ്ത്തിയത്. ഇത് രണ്ടാം തവണയാണ് ഹാലപ്പ് വിംബിൾഡണിന്റെ സെമിയിൽ എത്തുന്നത്. അമേരിക്കൻ വിസ്മയ ടീനേജർ കോറി ഗൗഫിനെ പ്രീക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകളിൽ 6-3, 6-3ന് കീഴടക്കിയായിരുന്നു ഹാലപ്പ് ക്വാർട്ടറിൽ എത്തിയത്.

നൂറാം ജയം തേടി ഫെഡറർ

പുരുഷ സിംഗിൾസിൽ ഇന്ന് നടക്കുന്ന ക്വാർട്ടറിൽ റോജർ ഫെഡറർ കെയ് നിഷിക്കോറിയെ നേടരിടും. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് മത്സരം. ഈ മത്സരത്തിൽ ജയിക്കാനായാൽ വിംബിൾഡണിൽ ഫെഡറർക്ക് നൂറ് ജയങ്ങൾ സ്വന്തമാക്കിയ താരം എന്ന നേട്ടം സ്വന്തമാക്കാനാകും. ഫെഡ‌റർ നിഷിക്കോറിയെ തോൽപ്പിക്കുകയും മറ്രൊരു ക്വാർട്ടറിൽ നദാൽ സാം ക്യുറേയെ കീഴടക്കുകയും ചെയ്താൽ വിണ്ടുമൊരു ഫെഡറർ-നദാൽ സെമി ക്ലാസിക്ക് പോരാട്ടത്തിന് കളമൊരുങ്ങും.