മുംബയ്: വീണ്ടും വിവാദത്തിൽ പെട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇത്തവണ ഷമി തനിക്ക് മെസേജ് അയച്ചെന്ന് കാണിച്ച് ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട് സഹിതം ഒരു യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. സോഫിയാ എന്ന് പേരുളള ഈ യുവതി ആരാണെന്നോ എവിടുത്തുകാരിയാണെന്നോ വ്യക്തമല്ല. മുഹമ്മദ് ഷമി ആരാണെന്ന് അറിയാത്ത യുവതി ഏതോ ഒരു ക്രിക്കറ്റ് പ്ളേയർ എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് ചോദിച്ചാണ് സ്ക്രീൻഷോട്ട് പങ്കുവച്ചത്.
'ആരെങ്കിലും എനിക്ക് പറഞ്ഞു തരാമോ, 1.4 മില്ല്യൺ ഫോളോവർമാരുള്ള ഏതോ ഒരു ഇന്ത്യൻ ക്രിക്കറ്റർ എനിക്ക് എന്തിനാണ് മെസേജ് അയക്കുന്നതെന്ന്?' ഇങ്ങനെയാണ് മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് യുവതി കുറിച്ചത്. 'ഗുഡ് ഈവനിംഗ്' എന്നാണ് ഷമി യുവതിക്ക് മെസേജ് അയച്ചിരിക്കുന്നത്. ഇതിനോടകം യുവതിയുടെ മെസേജും ഈ സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എന്നാൽ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ നിരവധി യൂസേഴ്സ് രംഗത്ത് വന്നിട്ടുണ്ട്. 'ഒരു ഗുഡ് ഈവനിംഗ് അയക്കുന്നത് അത്രയും വലിയ കുറ്റമാണോ' എന്നും 'ശ്രദ്ധ പിടിച്ചുപറ്റാനാണ്' ഇവർ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതിന് മുൻപ് മുഹമ്മദ് ഷമി ടിക്ക് ടോക്കിൽ ഒരു സ്ത്രീയ്ക്ക് മെസേജ് അയച്ചുവെന്ന് കാണിച്ച് ഷമിയുടെ ഭാര്യയും ആരോപണം ഉയർത്തിയിരുന്നു.