pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരെ പരാതികൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവികളുടെ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡി.ജി.പി വരെയുള്ളവരുടെ ഉന്നത തല യോഗമാണ് മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.കസ്റ്റഡി മർദ്ദനവും അതിനെ സംബന്ധിച്ച് ഉണ്ടായ മരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരണം തേടും എന്നാണ് സൂചന.

ജൂലൈ പതിനാറിന് ഡി.ജി.പി മുതൽ എസ്.പി റാങ്കിൽ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് വച്ചാണ് യോഗം നടക്കുക. വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിന്നും തുടങ്ങി നിരവധി സംഭവങ്ങളിൽ പൊലീസിനെതിരെ ആക്ഷേപങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.യോഗത്തിൽ മുഖ്യമന്ത്രിയുടെഭാഗത്ത് നിന്നും കർശന നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഇതിന് മുൻപും മൂന്ന് മേഖലകളായി തിരിച്ച് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി സംബന്ധിച്ചിരുന്നു. മൂന്നാം മുറ ഒരിക്കലും അനുവദിക്കില്ല എന്നും മുഖ്യമന്ത്രി ഈ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷവും ഇത്തരത്തിലുള്ള പരാതികൾ നിരവധിയാണ് ഉയരുകയായിരുന്നു.എന്നാൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥരെയും ഒരുമിച്ചാണ് ഇത്തവണ മുഖ്യമന്ത്രി യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. അതേസമയം തന്നെ വീഡിയോ കോൺഫറൻസിങ് വഴി സംസ്ഥാനത്താകമാനമുള്ള എസ്.ഐ റാങ്ക് മുതലുള്ള പൊലീസുകാർ ഈ യോഗം വീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്യും.