karnataka

മുംബയ്: കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സർക്കാരിന്റെ നിലനില്പ് തുലാസിലായ കർണാടക രാഷ്‌ട്രീയം കൂടുതൽ കലുഷിതമാകുന്നു. രാജിവച്ച വിമത എം.എൽ.എമാർ താമസിക്കുന്ന മുംബയിലെ ഹോട്ടലിനു മുന്നിൽ എത്തിയ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ശിവകുമാർ ഗോ ബാക്ക് എന്ന മുദ്രാവാക്യങ്ങളുമായി വൻ സംഘർഷാവസ്ഥയിലാണ് ഹോട്ടലും പരിസരവും മഹാരാഷ്‌ട്ര ആർ.പി.എഫിന്റെ കടുത്ത സുരക്ഷയിലാണ്.

എം.എൽ.എമാരെ കാണുന്നതിനായി ശിവകുമാറിനൊപ്പം ജെ.ഡി.എസ് എം.എൽ.എ ശിവലിംഗ ഗൗഡയും ഹോട്ടലിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് ആരെയും കാണാൻ താൽപര്യമില്ലെന്നും, സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പത്ത് എം.എൽ.എമാർ ചേർന്നു ഇന്നലെ തന്നെ പൊലീസിന് പരാതി നൽകിയിരുന്നു.

അതേസമയം, താൻ മുംബയിലെത്തിയത് പാർട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലിൽ താൻ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഒരുമിച്ചാണ് തങ്ങൾ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. മുംബയ് പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

13 കോൺഗ്രസ്, ദൾ എം.എൽ.എമാർ കൂട്ടരാജി സമർപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്‌ച മുതൽ പത്തോളം വിമത എം.എൽ.എമാരാണ് മുംബയിലെ സോഫിടെൽ ഹോട്ടലിൽ കഴിയുന്നത്. ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞ് ഹോട്ടലിൽ നിന്നു പുറപ്പെട്ട വിമതർ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസൻസ് ഹോട്ടലിലേക്കു മാറുകയായിരുന്നു.