pregnant

ഗർഭകാലം ഏറെ മനോഹരമാണ്. അതോടൊപ്പം അനാവശ്യ ആശങ്കകളാൽ സങ്കീർണവും. ഗർഭകാലത്തെ അമ്മയുടെ ആരോഗ്യം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അമ്മയ്ക്ക് പിടിപെടുന്ന അസുഖങ്ങൾ ഗർഭത്തിലിരിക്കുന്ന കുഞ്ഞിനും വരാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ കരുതൽ സ്വീകരിക്കണം. കൃത്യമായ പരിശോധനകളും ചികിത്സകളും വഴി ഒട്ടുമിക്ക അസുഖങ്ങളും നിയന്ത്രിക്കാമെന്ന കാര്യം മറക്കരുത്.

നെഞ്ചെരിച്ചിൽ
ഉദരത്തിലേക്ക് വളർന്നുവരുന്ന ഗർഭാശയം ആമാശത്തിൽ മുട്ടുമ്പോഴാണ് മിക്കവാറും നെഞ്ചെരിച്ചിലുണ്ടാകുക. ആമാശയത്തിന് ഉള്ളിലെ ആഹാരത്തിന്റെ അംശം ചിലപ്പോൾ അന്നനാളത്തിലേക്ക് തിരിച്ചു കയറുന്നതും നെഞ്ചെരിച്ചിലിന്റെ കാരണമാണ്. ആമാശയത്തിലെ അമ്‌ളാംശത്തിന്റെ അളവ് കൂടുന്നതും ഈ പ്രശ്‌നമുണ്ടാക്കും. എരിവും പുളിയും മസാലകളും ആഹാരത്തിൽ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. മൂന്നുനേരം കഴിക്കുന്ന ആഹാരം നാലോ അഞ്ചോ തവണകളായി വിഭജിക്കുന്നതും ആരോഗ്യപരമാണ്.

ഗർഭകാല ഛർദ്ദി
കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷത്തോടൊപ്പം തന്നെ ഗർഭിണികളെ ഏറെ അസ്വസ്ഥരാക്കുന്ന പ്രശ്‌നമാണ് ആദ്യ ആഴ്ചകളിലുണ്ടാകുന്ന ഛർദ്ദിയും മനംപിരട്ടലും. ചെറിയതോതിൽ മാത്രമാണ് ഛർദ്ദിയെങ്കിൽ അത്ര പേടിക്കേണ്ട കാര്യമില്ല. എന്നാൽ ചിലരിൽ ഛർദ്ദി കൂടുകയും ആഹാരം ഒന്നും തന്നെ കഴിക്കാൻ പറ്റാതെ ശരീരം ക്ഷീണിച്ചു വരികയും ചെയ്യുന്നുവെങ്കിൽ ചികിത്സ തേടണം. ആദ്യഗർഭങ്ങളിലാണ് ഇത്തരം അസ്വസ്ഥതകൾ കൂടുതലായും കാണുന്നത്.

pregnant

നടുവേദന

നടുവേദന മിക്ക ഗർഭിണികളുടെയും ആദ്യത്തെ പരാതിയാണ്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ നടുവേദനയെ ഓടിക്കാം. തെറ്റായ ശീലങ്ങളാണ് പ്രധാനമായും കാരണം. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നട്ടെല്ല് നിവർത്തിപ്പിടിക്കണം. തീരെ കുനിഞ്ഞും ചരിഞ്ഞുമുള്ള ഇരിപ്പും നടുവ് വേദന ഉണ്ടാകും. നടുവേദനയുള്ളവർ കൂടുതൽ വിശ്രമിക്കണം. കനം കൂടിയ ഫോം മെത്ത ഒഴിവാക്കി തടിക്കട്ടിൽ ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യപരം.

വെള്ളപോക്ക്
യോനീനാളം എല്ലായ്‌പ്പോഴും ഈർപ്പമായമായിരിക്കുന്നതിനാൽ അണുബാധയ്ക്ക് സാദ്ധ്യതയുണ്ട്. യോനീസ്രവം മഞ്ഞ നിറത്തിലോ പച്ചനിറത്തിലോ കാണുകയും നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുകയാണെങ്കിലും അണുബാധയുണ്ടെന്ന് സംശയിക്കണം. മൊണീലിയ എന്ന രോഗാണുവാണ് ഇതിന് കാരണം. എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടണം.

ലൈംഗികബന്ധം
ഗർഭകാലത്തെ ലൈംഗികബന്ധം ആശങ്കയ്ക്കും സംശയത്തിനുമിടയാക്കും. ലൈംഗിക കാര്യത്തിലുള്ള താത്പര്യം പലർക്കും പല രീതിയിലായിരിക്കും. ഗർഭകാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദോഷകരമല്ല. പക്ഷേ, നേരത്തെ ഗർഭം അലസിയവരും മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചവരും സംഭോഗത്തിൽ ഏർപ്പെടുന്നതിൽ അൽപ്പം നിയന്ത്രണം പാലിക്കണം. ഗർഭിണിയുമായി സംഭോഗത്തിലേർപ്പെടുമ്പോൾ ഗർഭസ്ഥശിശുവിന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയം സ്വാഭാവികമായിട്ടുണ്ടാകും. ഗർഭാശയത്തിലെ വെള്ളം നിറഞ്ഞ സഞ്ചിയിൽ കുഞ്ഞ് സുരക്ഷിതമായിരിക്കും. ഗർഭിണിയും ഭർത്താവും ഇക്കാര്യത്തിൽ അമിതമായി ആശങ്കപ്പെടേണ്ടതില്ല.

pregnant

ഔഷധങ്ങൾ വേണ്ട

മരുന്ന് ഉപയോഗിക്കുന്ന കാര്യത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം. ആദ്യത്തെ മൂന്ന് മാസത്തേക്ക് ഗർഭരക്ഷയ്‌ക്കൊഴികെയുള്ള മരുന്നുകൾ ഒഴിവാക്കണം. സാധാരണ രോഗങ്ങൾക്ക് നിർദ്ദേശിക്കുന്ന പല മരുന്നുകളും ആദ്യത്തെ മൂന്നു മാസത്തേക്ക് ഉപയോഗിക്കാൻ പാടില്ലാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ നടത്തുക. പല രോഗങ്ങൾക്കും മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ഈ കാലയളവിൽ അപകടകരമാണെന്നും ഓർക്കുക.

മൂത്രത്തിൽ പഴുപ്പ്
ഗർഭകാലത്ത് വളരെ വേഗം പിടിപെടാൻ സാദ്ധ്യതയുള്ള അസുഖമാണ് മൂത്രത്തിൽ പഴുപ്പ്. മൂത്ര വിസർജ്ജനം പതിവിൽ കൂടുതലാണെങ്കിൽ ശ്രദ്ധിക്കണം. മൂത്രമൊഴിക്കാൻ തോന്നുമെങ്കിലും തടസ്സമനുഭവപ്പെടുകയോ കുളിരും പനിയും അടിവയറ്റിൽ വേദനയുണ്ടാകുകയോ ചെയ്താൽ ഉടൻ ചികിത്സ നേടണം. മൂത്രദ്വാരവും യോനീനാളവും മലദ്വാരവും വളരെ അടുത്തിരിക്കുന്നതിനാൽ തന്നെ രോഗാണുക്കൾ മൂത്രത്തിലൂടെ പ്രവേശിച്ച് പഴുപ്പുണ്ടാകും.

പ്രമേഹം
ഗർഭകാലത്തായിരിക്കും ചില സ്ത്രീകളിൽ പ്രമേഹരോഗബാധയുണ്ടാക്കുന്നത്. എന്നാൽ, ശരിയായ സമയത്ത് രോഗം തിരിച്ചറിയുന്നതും ചികിത്സ നൽകുന്നതും രോഗത്തെ ചെറുക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികളായ അമ്മമാരുടെ വയറ്റിലെ ശിശുക്കൾക്ക് വലിപ്പം കൂടും. അതിനാൽ തന്നെ മിക്കവാറും സിസേറിയൻ വേണ്ടി വരും. ഗർഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഡയബറ്റിസ് ചിലർക്ക് പ്രസവം കഴിയുന്നതോടെ അപ്രത്യക്ഷമാകാറുണ്ട്.