ന്യൂഡൽഹി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സെെനികർ അംഗമാകുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. സെെനികർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിദേശികൾ സോഷ്യൽ മീഡിയകളിലൂടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ശ്രമം നടത്തുന്നതായി തെളിഞ്ഞതിനെ തുടർന്നാണിത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുൾപ്പെടുന്ന ഗ്രൂപ്പുകളുടെ പോലും ഭാഗമാകരുതെന്നാണ് നിർദ്ദേശം.
നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ മാത്രമെ സൈനികർ അംഗങ്ങളാകാവുവെന്നാണ് നിർദ്ദേശം. ഇതിന് പുറമെ സൈനികരെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കിടുന്നതിൽ നിന്നും കുടുംബാംഗങ്ങൾ മാറി നിൽക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിന് പുറമെ സൈനികർ മാത്രമായുള്ള ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതിന് പാലിക്കേണ്ട രീതികളെക്കുറിച്ചും ജൂണിൽ പുറത്തിറങ്ങിയ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഇത്തരം ഗ്രൂപ്പിൽ പങ്കിടാൻ പാടുള്ളുവെന്നാണ് നിർദ്ദേശം.
സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് സൈനിക വിവരങ്ങൾ ചോർത്തിയെടുക്കാൻ ചില വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. എന്നാൽ, വിരമിച്ച സൈനികർ ഉൾപ്പെടെയുള്ളവർനടത്തുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരിൽ സൈന്യത്തിനെതിരായ വികാരം സൃഷ്ടിക്കുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിമർശകരുടെ ഭാഗം. അതേസമയം, സൈന്യം കാലാകാലങ്ങളിൽ പുറത്തിറക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ഇതെന്നും സെൻസർഷിപ്പല്ലെന്നും സൈനിക വക്താവ് അറിയിച്ചു.