ന്യൂഡൽഹി: തങ്ങളുടെ രാജി സ്വീകരിക്കാത്ത കർണാടക നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എം.എൽ.എമാർ സുപ്രീം കോടതിയിലേക്ക്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കർ തന്റെ ഭരണഘടനാപരമായ ബാധ്യതകൾ മറക്കുന്നുവെന്ന് കാട്ടിയാണ് ഇവർ കോടതിയിലെത്തിയിരിക്കുന്നത്. ഭൂരിപക്ഷം നഷ്‌ടപ്പെട്ട സഖ്യസർക്കാരിനെ രക്ഷിക്കാൻ സ്പീക്കർ ബോധപൂർവം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ സമീപിച്ചെങ്കിലും ഹർജി നാളെ മാത്രമേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.
അതിനിടെ രാജിവച്ച എം.എൽ.എ മാരെ കാണാൻ മുംബയിലെത്തിയ കർണാടകയിലെ കോൺഗ്രസ് നേതാവുംജലസേചന വകുപ്പുമന്ത്രിയുമായിരുന്ന ഡി.കെ.ശിവകുമാറിനെ എം.എൽ.എമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിലേക്ക് ഇതുവരെയും പ്രവേശിപ്പിച്ചില്ല. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ശിവകുമാറും മുംബയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും തങ്ങളെ ഭീഷണിപ്പെടുത്താനാണ് അവർ വരുന്നതെന്നും ഹോട്ടലിലേക്ക് വരാൻ അവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം.എൽ.എമാർ മുംബയ് പൊലീസ് കമ്മിഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ പൊലീസ് തടഞ്ഞത്. അതേസമയം തങ്ങൾ ഒരുമിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചവരാണെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതുപറഞ്ഞ് തീർക്കാനാണ് തങ്ങൾ വരുന്നതെന്നും ശിവകുമാർ പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ മഹാരാഷ്ട്ര പൊലീസ് തടയുകയാണ്. എം.എൽ.എമാരെ കാണാതെ താൻ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരുമാണ് മുംബയിലെ ഹോട്ടലിൽ കഴിയുന്നത്. ശിവറാം ഹെബ്ബാർ, പ്രതാപ് ഗൗഡപട്ടിൽ, ബിസി. പട്ടീൽ , ഖൈരിബസവരാജ്, എസ്.ടി സോമശേഖർ, രമേശ് ജാർഖിഹോള, ഗോപാലയ്യ, എച്ച്. വിശ്വനാഥ്, നാരായണഗൗഡ, മഹേഷ് കുമുതാലി എന്നീ എം.എൽ.എമാരാണ് സിറ്രി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയത്. അതിനിടെ അടിയന്തര സാഹചര്യങ്ങൾ കണിക്കിലെടുത്ത് ശിവകുമാറിന്റെ ബുക്കിഗ് റദ്ദാക്കിയതായി ഹോട്ടൽ അധികൃതർ അറിയിച്ചു. ശിവകുമാറിനെ ഒരുകാരണവശാലും അകത്ത് കടത്തില്ലെന്ന നിലപാടുമായി ബി.ജെ.പി പ്രവർത്തകരും മഹാരാഷ്ട്ര പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്.
അതിനിടെ. ബംഗളൂരു വിധാൻസൗദയ്ക്ക് മുന്നിൽ ബി.ജെ.പി ഇന്ന് പ്രതിഷേധ ധർണ നടത്തുമെന്ന് ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. തങ്ങൾ ഗവർണറെയും സ്പീക്കറെയും കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. എന്നാൽ ആറുദിവസത്തിനുള്ളിൽ എം.എൽ.എമാരുടെ രാജിക്കത്തിൽ തീരുമാനമെടുക്കുമെന്നാണ് സ്പീക്കർ കെ.ആർ.രമേശിന്റെ നിലപാട്. 13 പേരിൽ അഞ്ചുപേർ ഇതിനായുള്ള പ്രത്യേക ഫോമിലാണ് രാജിക്കത്ത് നൽകിയത്. ബാക്കിയുള്ളവരെ നേരിൽ കാണാൻ രണ്ട് തീയതികൾ അനുവദിച്ചതായും സ്പീക്കർ പറഞ്ഞു. അവർ സ്വമേധയാ രാജിവച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാലേ താൻ രാജി സ്വീകരിക്കൂ എന്നദ്ദേഹം പറഞ്ഞു. അതേസമയം രാജിവച്ച എം.എൽ.എ മാരെ സ്പീക്കർക്കെങ്ങിനെയാണ് അയോഗ്യരാക്കാൻ കഴിയുകയെന്ന് ബി.ജെ.പി നേതാക്കൾ ചോദിക്കുന്നു. മുൻ മന്ത്രി റോഷൻ ബെയ്ഗ് കൂടി രാജിവച്ചതോടെ ജെ.ഡി.എസ് - കോൺഗ്രസ് സഖ്യത്തിന്റെ അംഗസംഖ്യ 102 ആയി കുറഞ്ഞു. ബി.ജെ.പിക്ക് ഇപ്പോൾ 108 അംഗങ്ങളുടെ പിന്തുണയുണ്ട്.