actor

കാലങ്ങളെത്ര കഴിഞ്ഞാലും ചില സിനിമാ ഡയലോഗുകൾ ഇന്നും ശ്രദ്ധേയമാണ്. കാലപ്പഴക്കം കൂടും തോറും അത്തരം ഡയലോഗുകളുടെ പോപ്പുലാരിറ്റി കൂടി വരികയാണ്. കേവലം തിരക്കഥയ്ക്കപ്പുറം ഒരൊറ്റ ഡയലോഗ് മതി സിനിമയെ പ്രേഷകരിലേക്കെത്തിക്കാൻ. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ മിമിക്രി കലാകാരന്മാർകൂടി ഏറ്റെ‌ടുക്കുമ്പോൾ അത് ഒന്നു കൂടി ശ്രദ്ധേയമാകാറുണ്ട്. പഴയ ചിത്രങ്ങളുടെ ജനപ്രീതി ഇന്നും നിലനിറുത്തുന്നുണ്ടെങ്കിൽ കാരണങ്ങൾ മിമിക്രികളും ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ട്രോളുകളുമായാണ്. കൂടാതെ ഒരു നടന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

ഇത്തരത്തിൽ മലയാളികൾ ഇന്നും പൊട്ടിച്ചിരിക്കുന്ന ഒരു ഡയലോഗാണ് അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ "അമ്മാവാ...". അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ പ്രേംകുമാറിന്റെ ഡയലോഗ്. ഈ ഡയലോഗോടെ തന്റെ ട്രേഡ്മാർക്ക് തന്നെ ഇതായെന്ന് നടൻ പ്രേംകുമാർ പറയുന്നു. സുന്ദരൻ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ പ്രേംകുമാറിന്റേത്.

അന്ന് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു അനിയൻബാവ ചേട്ടൻബാവ ചിത്രമെന്നും അഭിനയത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നും നടൻ പറയുന്നു. അമ്മാവനായി രാജൻ പി ദേവും നരേന്ദ്ര പ്രസാദും ഫ്രെയിമിലെത്തുമ്പോൾ പ്രേംകുമാറിന്റെ അമ്മാവാ എന്ന വിളിയാണ് പ്രേഷകരേറ്റെടുത്തത്. ഈ ഡയലോഗ് പിന്നീട് മിമിക്രി കലാകാരന്മാർ പറഞ്ഞാണ് ഇത്രയും പോപ്പുലർ ആക്കിയതെന്നും അദ്ദേഹം പറയുന്നു. സംവിധായകന്റെ നിർദ്ദേശങ്ങളും കുറച്ച് തന്റേതായ പൊടിക്കെെകളും കൂടിയുണ്ട് ആ ഒരു സംഭാഷണത്തിൽ.

സാധരണ ഒരു കാരക്റ്റർ അല്ല അതിൽ നിന്നും വ്യത്യസ്തമായി ഒരു കാരിക്കേച്ചർ സ്വഭാവമുള്ളതായിരുന്നു കഥാപാത്രം. നിത്യ ജീവിതത്തിൽ പറയുന്ന സംഭാഷണ ശെെലിയും അതിൽ തന്റെ സംഭാഷണത്തിൽ കുറച്ചുകൂടി പ്രൊജക്ഷൻ കൊടുത്തതു"മാണ് ആ ഡയലോഗിന്റെ പിറവിക്കു പിന്നിലെന്ന് പ്രേംകുമാർ പറയുന്നു. കൗമുദി ടി.വിയുടെ അഭിമുഖത്തിലാണ് പ്രേംകുമാ‍ർ മനസു തുറന്നത്.

മിമിക്രി കലാകാരന്മാർ ഈ ഡയലോഗ് പോപ്പുലാറാക്കിയതുപോലെ അത്രയ്ക്ക് മനോഹരമായി താൻ തന്നെ വിളിച്ചിട്ടുണ്ടോ എന്ന് സംശയമാണെന്നും ഒരു പൊട്ടിച്ചിരിയോടെ അദ്ദേഹം പറയുന്നു. 1995ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ റാഫി മെക്കാർട്ടിന്റെതായിരുന്നു. രാജസേനനായിരുന്നു ചിത്രത്തിന്റെ സംവിധാനം.