തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, എറണാകുളം നിയമസഭാ മണ്ഡലങ്ങളിൽ യഥാക്രമം തിരുവനന്തപുരത്തെയും എറണാകുളത്തെയും ഡി.സി.സി അദ്ധ്യക്ഷന്മാരെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ നീക്കം. വട്ടിയൂർക്കാവിൽ നെയ്യാറ്റിൻകര സനലിനെയും എറണാകുളത്ത് വിനോദിനെയും മത്സരിപ്പിക്കാനുള്ള ചരടുവലികളാണ് കോൺഗ്രസിൽ ശക്തമായിരിക്കുന്നത്.
എ.ഐ.സി.സിയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സനലിനായി നീക്കം ശക്തമായത്. സനലിന് പുറമേ കെ. മോഹൻകുമാറിന്റെയും പ്രയാർ ഗോപാലകൃഷ്ണന്റെയും പേരുകളാണ് ചർച്ചകളിൽ സജീവമായതെങ്കിലും സനലിന് മുൻതൂക്കം കിട്ടാൻ ദേശീയനേതാവിന്റെ പിന്തുണയാണ് സഹായകമായതെന്നാണ് പാർട്ടിവൃത്തങ്ങളിലെ സംസാരം. വട്ടിയൂർക്കാവിലേക്ക് കണ്ണിട്ട് തലസ്ഥാനത്ത് നേതാക്കളുടെ പട തന്നെയാണുള്ളത്. ഔദ്യോഗികമായി പാർട്ടി സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടുമില്ല. ഒരു ഡസൻ പ്രാദേശിക നേതാക്കളെങ്കിലും സീറ്റിൽ കണ്ണുവച്ച് നിലയുറപ്പിച്ചിട്ടുണ്ട്. സനലിനും മോഹൻകുമാറിനും പുറമേ ശാസ്തമംഗലം മോഹൻ, പാലോട് രവി, എൻ. പീതാംബരക്കുറുപ്പ് തുടങ്ങിയ പേരുകളും സജീവമായി പറഞ്ഞുകേട്ടിരുന്നു.
വട്ടിയൂർക്കാവിലേക്ക് മറ്റ് മുന്നണികളും ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിട്ടില്ല. എന്നാലും അനൗപചാരികമായി സി.പി.എമ്മിനകത്തും ബി.ജെ.പിക്കകത്തും ചർച്ചകൾ സജീവമാണ്. കഴിഞ്ഞതവണ കെ. മുരളീധരൻ ജയിച്ചപ്പോൾ ബി.ജെ.പിയിലെ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമതായത്. സി.പി.എമ്മിന്റെ ടി.എൻ. സീമ മൂന്നാമതായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ ബി.ജെ.പിയാണ് രണ്ടാമതെത്തിയത്.