മുംബയ്: കർണാടകത്തിലെ വിമത എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും മുംബയ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലിന്റെ 500 മീറ്റർ പരിധിയിലാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം, എം.എൽ.എമാരെ കാണാതെ മടങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ശിവകുമാർ മടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഹോട്ടലിന് മുന്നിൽ തന്നെ തുടരുമെന്നാണ് ശിവകുമാറിന്റെ ഭാഗം.
ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലായ് ഒമ്പത് മുതൽ12 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. വിമതരെ അനുനയിപ്പിക്കാനായാണ് ഡി.കെ. ശിവകുമാർ മുംബയിലെത്തിയത്. ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബയിലെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്.
നേരത്തെ,തങ്ങളുടെ രാജി സ്വീകരിക്കാത്ത കർണാടക നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ വിമത എം.എൽ.എമാർ സുപ്രീം കോടതിയിലേക്കെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കർ തന്റെ ഭരണഘടനാപരമായ ബാധ്യതകൾ മറക്കുന്നുവെന്ന് കാട്ടിയാണ് ഇവർ കോടതിയിലെത്തിയിരിക്കുന്നത്. ഭൂരിപക്ഷം നഷ്‌ടപ്പെട്ട സഖ്യസർക്കാരിനെ രക്ഷിക്കാൻ സ്പീക്കർ ബോധപൂർവം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ സമീപിച്ചെങ്കിലും ഹർജി നാളെ മാത്രമേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.