ഗർഭകാലത്ത് മാത്രമേ കാണപ്പെടൂ എന്ന് കരുതി ഗർഭകാല പ്രമേഹത്തെ അവഗണിക്കരുത് . കാരണം ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് പലവിധ സങ്കീർണതകളും ഉണ്ടാക്കും. കുഞ്ഞിന് തലച്ചോറ്, നാഡീവ്യൂഹം, ഹൃദയം എന്നിവയ്ക്ക് വൈകല്യമുണ്ടാവാനും കുഞ്ഞിന് അമിത വളർച്ചയുണ്ടാകാനും സാദ്ധ്യതയുണ്ട്. അമ്നിയോട്ടിക് ദ്രാവകം അമിതമാകും എന്ന സങ്കീർണതയും ഉണ്ടായേക്കാം. ഓക്സിജൻ അളവ് കുറഞ്ഞ് ഒമ്പത് മാസം കഴിയുമ്പോൾ ഉള്ളിൽക്കിടന്ന് കുഞ്ഞ് മരിച്ചു പോകുന്ന സാഹചര്യത്തിനും സാദ്ധ്യതയേറെയാണ്. കുഞ്ഞിന് മഞ്ഞനിറം, ശ്വാസതടസം, കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് കുറയുക, ചുവന്ന രക്താണുക്കൾ കൂടുക എന്നീ സങ്കീർണതകളും ഗർഭകാല പ്രമേഹം മൂലം ഉണ്ടാകാനിടയുണ്ട്.
ഗർഭകാല പ്രമേഹമുള്ളവരുടെ ആഹാരക്രമം 40 ശതമാനം പ്രോട്ടീൻ, 20 ശതമാനം കൊഴുപ്പ് എന്നീ ക്രമത്തിലായിരിക്കണം. ദിവസവും പയർ,പച്ചക്കറി,പഴങ്ങൾ എന്നിവ കഴിക്കുക. പ്രമേഹമുള്ള ഗർഭിണി ആദ്യഘട്ടത്തിൽ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം.