school-class

കൊച്ചി: സംസ്ഥാനത്ത് എൽ.പി ,​യു.പി സ്‌കൂളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഘടന മാറ്റിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കി. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ലോവർ പ്രൈമറി (എൽ.പി) വിഭാഗത്തിലേക്കും ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അപ്പർ പ്രൈമറി (യു.പി) വിഭാഗത്തിലേക്കും മാറ്റുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നിയമം. ഇതിനാണ് ഹൈക്കോടതി ഫുൾ ബെഞ്ച് ഇപ്പോൾ അംഗീകാരം നൽകിയത്.

എൽ.പിയിൽ അഞ്ചാം ക്ലാസും യു.പിയിൽ എട്ടാം ക്ലാസും ഉൾപെടുത്തിയാണ് മാറ്റം. വിദ്യാഭ്യാസ അവകാശനിയമം പാലിക്കാൻ സർക്കാർ ബാധ്യസ്ഥരെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കി നിയമത്തിൽ ഇളവനുവദിക്കാനാകില്ലെന്നും അറിയിച്ചു. പ്രാഥമിക വിദ്യാഭ്യാസ വിദ്യാർത്ഥിയുടെ അവകാശമാണെന്നും അത് ലഭ്യമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് മൂന്നംഗ ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ്.

നിയമം അനുശാസിക്കുന്ന വിധം വിദ്യാഭ്യാസഘടന പുന:ക്രമീകരിക്കുന്നതിന് സർക്കാർ ഉന്നയിക്കുന്ന തടസവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. "വിദ്യാധനം സർവധനാൽ പ്രധാനമാണ്. അതിനാൽ അക്കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതുകൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കണ"മെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവിൽ 1-4 വരെ ക്ലാസുകൾ ലോവർ പ്രെെമറിയും 5-7 വരെ ക്ലാസുകൾ അപ്പർ പ്രെെമറിയും ആയിരുന്നു. ഇതിനാണ് വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ മാറ്റം വരുത്തിയത്.