karnataka-crisis

ബംഗളൂരു: വിമത എം.എൽ.എമാർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്‌ടമായ കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവർണർ വാജുഭായ് വാലയെ സമീപിച്ചു. മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്. സർക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യത ഉദിക്കുന്നില്ലെന്നും സംഘം ഗവർണറോട് വ്യക്തമാക്കി. എം.എൽ.എമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും സംഘം ഗവർണറോട് അഭ്യർത്ഥിച്ചു. നാല് പേജുള്ള നിവേദനവും സംഘം കൈമാറി.

അതിനിടെ വിമത എം.എൽ.എമാർ താമസിക്കുന്ന മുംബയിലെ റിനൈസൻസ് ഹോട്ടലിനും പരിസരത്തും മുംബൈ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ജൂലായ് ഒമ്പത് മുതൽ12 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. ഇതിന് പിന്നാലെ ഡി.കെ.ശിവകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ഇവിടെ നിന്നും അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല.

നേരത്തെ, രാജി സ്വീകരിക്കാത്ത ഗവർണറുടെ തീരുമാനത്തിനെതിരെ 10 വിമത എം.എൽ.എമാർ അഭിഭാഷകനായ മുകുൾ റോത്തഗി വഴി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്പീക്കർ തന്റെ ഭരണഘടനാപരമായ ബാധ്യതകൾ മറക്കുന്നുവെന്ന് കാട്ടിയാണ് ഇവർ കോടതിയിലെത്തിയിരിക്കുന്നത്. ഭൂരിപക്ഷം നഷ്‌ടപ്പെട്ട സഖ്യസർക്കാരിനെ രക്ഷിക്കാൻ സ്പീക്കർ ബോധപൂർവം തങ്ങളുടെ രാജി വൈകിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ കേസ് അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച കോടതി നാളെ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, രാജി സ്വീകരിക്കാത്ത സ്പീക്കറെ സമ്മർദ്ദത്തിലാക്കാൻ വിമത എം.എൽ.എമാർ തങ്ങളുടെ രാജിക്കത്ത് സ്പീഡ് പോസ്‌റ്റ് മുഖാന്തിരം സ്പീക്കർക്ക് അയച്ചിട്ടുണ്ട്. വിമത എം.എൽ.എമാർ വീഡിയോ കോൺഫറൻസ് വഴി സ്പീക്കറുമായി ആശയ വിനിമയം നടത്തിയതായും വിവരമുണ്ട്. എന്നാൽ സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ ഇക്കാര്യത്തിൽ ഗവർണർ എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗവർണറുടെ ഓഫീസ് ബി.ജെ.പി കാര്യാലയത്തേക്കാൾ തരംതാഴ്‌ന്നെന്ന് കോൺഗ്രസ് ഇതിനോടകം തന്നെ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമപോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ വ്യക്തമാക്കി. അതിനിടെ, കർണാടകയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബി.ജെ.പി അവിഹിത മാർ‌ഗത്തിലൂടെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധം നടന്നു. ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.