ജനകീയ വിഷയങ്ങളിൽ പ്രതികരിക്കാതെ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നവരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നീവിഷയങ്ങളിൽ പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവർത്തകരെ കഴിഞ്ഞ രണ്ടാഴ്ചയായി കാണാനില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. ഇടുക്ക കട്ടപ്പന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൂര മർദ്ധനത്തിനിരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ സാംസ്‌കാരിക പ്രവർത്തകരടക്കം പ്രതികരിച്ചിരുന്നില്ല. ഇത്തരക്കാരെ കണ്ടെത്തുന്നവർ നെടുങ്കണ്ട പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലോ അറിയിക്കണമെന്നും എ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ടവരുണ്ടോ?
സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.
കണ്ടുമുട്ടുന്നവർ ഉടൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി മണിയാശാന്റെ പേഴ്സണൽ നമ്പറിലും വിളിക്കാം.
സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പാർട്ടിക്കും സർക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാൻ വർഗബഹുജന സംഘടനകൾക്കൊപ്പം അണിചേരൂ