poem

സ്‌നേഹം വേണം എന്നാൽ....
സ്‌നേഹത്തിനു വേണ്ടി
തോൽക്കുന്നില്ലവിടാരും...

കൂട്ട് വേണം എന്നാൽ....
വാശിയും സ്വാർത്ഥതാൽപര്യവും
കൈവിട്ടുന്നില്ലവിടാരും...

വഞ്ചനയരുത് എന്നാൽ....
വഞ്ചനയുടെ മനപുസ്തകം
താഴിട്ടു മറയ്ക്കുന്നു പരസ്പരം...

പണം വേണം എന്നാൽ....
പണത്തിൻ വിയർപ്പു
തുള്ളികൾ ആവശ്യമില്ലവിടെ...

കൂടൊന്നു വേണം എന്നാൽ....
സ്വാതന്ത്ര്യത്തിൻ കടിഞ്ഞാണിൽ
അവകാശം സ്ഥാപിക്കരുതവിടാരും....

അവകാശിയൊന്നു വേണം എന്നാൽ..
സൗന്ദര്യമെന്നും മധുരപതിനേഴിൽ
നിൽക്കുമെങ്കിൽ മാത്രം...

കണ്ണീർ തുളുമ്പരുത് എന്നാൽ...
ലഹരി തൻ ഉറ്റ സുഹൃത്തിനെ
വേർപ്പിരിയുന്നില്ലവിടെ...

സന്തോഷം വേണം എന്നാൽ...
ജീവിതത്തിന്റെ നിഘണ്ടുവിൽ
' ക്ഷമ ' എന്ന വാക്ക് ഉണ്ടായിരിക്കില്ല...

കാന്തന്റെയിടിയേൽക്കാം എന്നാൽ...
ജീവിതത്തിൽ കഥയാടരുത്
അരങ്ങേറ്റത്തിൻ നവരസമവിടെ
തൂവുകയുമരുത്....

കാലം മാറി വരും കഥ മാറി വരും
എന്നാൽ...
പ്രണയത്തിൻ ആദ്യാനുഭൂതി തൻ
മഴ ജീവിത സായാഹ്നം വരെ
നനഞ്ഞീടുകയും വേണമവിടെ...

കുഞ്ഞു കുഞ്ഞു തെറ്റുകളുണ്ടവിടെ
എന്നാൽ...
തമ്മിൽ പറഞ്ഞു തീർക്കാതെ
കുറ്റങ്ങൾ ചൂണ്ടി പരസ്പരം
വിജയം കണ്ടെത്തുന്നവിടെ...

പിണക്കവും ഇണക്കവുമുണ്ട്
എന്നാൽ...
തമ്മിൽ മനപ്പൊരുത്തമില്ലതെ
നവതാലികൾ പണിയുന്നവിടെ
ദാമ്പത്യം കൂട്ടിക്കളിയാണവിടെയെന്നും..
---------------------------

പ്രമോദ് വട്ടിയൂർക്കാവ്