-dhoni

മുംബയ്: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ പോലുള്ള മാലിന്യങ്ങൾ എപ്പോഴും നിലനിൽക്കില്ലെന്ന് യുവരാജ് സിംഗിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിംഗ്. അമ്പാട്ടി റായിഡു തുടരണമായിരുന്നു എന്നും റായിഡു വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നും യോഗ്‌രാജ് ആവശ്യപ്പെട്ടു.

“അമ്പാട്ടി റായിഡു കളി തുടരണമായിരുന്നു. രഞ്ജി ട്രോഫിയിലും, ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലും കളിച്ച് സെഞ്ച്വറികളും ഡബിൾ സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും നേടണം. അതിന് സാധിക്കുന്ന താരമാണ് റായിഡു. പ്രിയപ്പെട്ട മകനെ നീ തീരുമാനം പിൻവലിക്കണം, തിരികെ വരണം നിനക്ക് എന്ത് സാധിക്കുമെന്ന് തെളിയിച്ച് കൊടുക്കണം. ധോണിയെ പോലുള്ള മാലിന്യങ്ങൾ എന്നും നിലനിൽക്കില്ല”- യോഗ്‌രാജ് പറഞ്ഞു.

ഈ മാസം ആദ്യവാരമാണ് റായിഡു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്നും വിരമിച്ചത്. എന്നാൽ,​ താരം ഇനി ഐ.പി.എൽ മത്സരങ്ങളിൽ തുടർന്നു കളിക്കും. ലോകകപ്പിന്റെ 15 അംഗ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക പുറത്തുവന്നതോടെ റായിഡുവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. നാലാം നമ്പർ സ്ഥാനത്തേക്ക് അവകാശവാദവുമായി റായിഡു നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടാതെ പരിക്കേറ്റ് ശിഖർ ധവാനും, വിജയ് ശങ്കറും പുറത്തായതോടെയും റായിഡുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇത്ര പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.