imran-khan

വാഷിംഗ്ടൺ: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ട്. സമ്പദ്‌വ്യവസ്ഥയിൽ നിർണായകവും ധീരവുമായ പരിഷ്‌കാരങ്ങൾ ഉടൻ ആവശ്യമാണെന്നും ഐ.എം.എഫ് അറിയിച്ചു. നിലവിൽ 8 കോടി ഡോളറിൽ താഴെ മാത്രം കരുതൽ ധനമാണ് പാകിസ്ഥാനുള്ളത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. അധികാരത്തിലേറി ആദ്യം തന്നെ രാജ്യത്ത് സാമ്പത്തിക സ്ഥിതി വികസന പാതയിലേക്ക് തിരികെ കൊണ്ട് വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരമേറ്റ് ഒരു വർഷം തികയാറാകുമ്പോഴും കരകയറാനാവാതെ വായ്‌പയ്‌ക്കായി ഐ.എം.എഫിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ പരിഗണിച്ച് കഴിഞ്ഞ ആഴ്ച 600 കോടി ഡോളർ വായ്പയായി അനുവദിച്ചു. ഇതിൽ 100 കോടി അടിയന്തരമായി കൈമാറും. ബാക്കി തുക മൂന്നു വർഷത്തിനുള്ളിൽ നൽകും. എന്നാൽ വായ്പ അനുവദിച്ചപ്പോൾ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധികൾ മറികടക്കാൻ ശക്തമായ പുതിയ നയങ്ങൾ ആവശ്യമാണെന്നും ഐ.എം.എഫ് പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

1980 മുതൽ രാജ്യാന്തര നാണയനിധിയിൽ നിന്നു സ്ഥിരമായി വായ്പയെടുക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ഭീകരവാദത്തിന്റെ പ്രഭവ സ്ഥലമായ പാകിസ്ഥാനിലേക്ക് വിദേശ നിക്ഷേപകർ വരാൻ മടിക്കുന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.