ശ്രീനഗർ: കാശ്‌മീരിനെ സ്വാതന്ത്രമാക്കണമെന്നും ഇന്ത്യൻ സൈന്യത്തെ തകർക്കണമെന്നും അൽ ഖ്വയിദ നേതാവ് അയ്‌മൻ അൽ - സവാഹിരി ആഹ്വാനം ചെയ്‌തതിന് പിന്നാലെ താഴ്‌വരയിൽ നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ യുവാക്കളുടെ വൻ തിരക്ക്. ജൂലായ് 10ന് തുടങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് റാലി ഈ മാസം 16 വരെ തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരസംഘടനയായ അൽ ഖ്വയിദ ഇന്ത്യയെയും സൈന്യത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയത്. കാശ്‌മീരിനെ മറക്കരുതെന്നും ഇന്ത്യൻ സൈന്യത്തിനുമേൽ പ്രഹരമേൽപ്പിക്കുന്നതിൽ കാശ്മീരിലെ മുജാഹിദ്ദീനുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അൽ ഖ്വയിദ തലവൻ ഓർമിപ്പിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും സവാഹിരി സന്ദേശത്തിൽ പ്രതിപാദിക്കുന്നുണ്ട്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുടെയും ഇന്ത്യൻ സൈന്യത്തിന്റെയും പ്രവർത്തനങ്ങളിലൂടെയുണ്ടായ മുറിവുകൾ ഒരിക്കലും മറക്കരുത്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരാവസ്ഥ തകർക്കുന്നതിനായി കാശ്‌മീരിലെ മുജാഹിദ്ദീനുകൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിനായി കനത്ത ആക്രമണങ്ങൾ നടത്തണം. പാകിസ്ഥാൻ സൈന്യവും സർക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. പാക്കിസ്ഥാൻ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിർത്തിതർക്കം അമേരിക്കൻ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി ഈ വീഡിയോയിൽ പറയുന്നു.
അതേസമയം, വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ നടന്ന ഇന്ത്യൻ സൈന്യത്തിന്റെ ആർമി റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ 5500ൽ അധികം കാശ്‌മീരി യുവാക്കളെത്തിയത് തീവ്രവാദി സംഘങ്ങൾക്ക് കനത്ത തിരിച്ചടിയായി. രാജ്യത്തിന് വേണ്ടി പോരാടാനാണ് തങ്ങൾ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതെന്ന് യുവാക്കൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണമെന്ന് തന്റെ കൂട്ടുകാരോടും അഭ്യർത്ഥിക്കുകയാണ്. നിരവധി കടമ്പകൾ കടന്നാണ് സൈന്യത്തിന്റെ ഭാഗമാകണ്ടത്. എന്നാൽ ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരാൾ പറഞ്ഞു.