കാസർകോട് : കർണാടകയുമായി അതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ ജനങ്ങൾ ഭീതിയിലാണ്. ആനപ്പേടിയിൽ ജീവൻ പണയപ്പെടുത്തിയാണ് ഇവിടെ ജനങ്ങൾ കഴിയുന്നത്. കാട്ടന ശല്യം കാരണം വീടും സ്വത്തും കിട്ടിയ വിലയ്ക്ക് വിറ്റ് മലയിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാൽ വിവാഹ പ്രായം കഴിഞ്ഞ് പുരനിറഞ്ഞു നിൽക്കുന്ന പുരുഷൻമാരുടെ കാര്യമാണ് ഇതിലും കഷ്ടം. ഇവിടെയുള്ള വീടുകളിലേക്ക് മറ്റിടങ്ങളിൽ നിന്നും ആരും പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കാറില്ല അതേ സമയം മലവാരത്തുള്ള വീടുകളിലുള്ളവർക്ക് അവരുടെ പെൺമക്കളെ മറ്റിടങ്ങളിലേക്ക് വിവാഹം ചെയ്ത് അയച്ച് മക്കളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്നു. പ്രദേശത്തെ അങ്കൺവാടിയിലും പഠനത്തിനായെത്തുന്നത് ഒരാൾ മാത്രമാണ്, മുൻപ് ഇരുപതോളം കുട്ടികളുണ്ടായിരുന്ന സ്ഥാനത്താണിത്.
മലയോര മേഖലയായ ശാന്തിനഗറിലും വഞ്ചിയത്തും അയ്യംകുന്നിലും ആനപ്പേടിയിൽ വീടൊഴിഞ്ഞ് പോകുന്നവരുടെ എണ്ണം കൂടുകയാണ്. മലയോര ജനതയുടെ ജീവിതം ചവിട്ടിമെതിച്ചെത്തുന്ന ആനക്കൂട്ടം കർണാകയുടെ ഭാഗമായുള്ള വനത്തിൽ നിന്നുമാണ് എത്തുന്നത്. ഇവിടെ വൈദ്യുത വേലിയടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ജനത്തിന് ഭയം കൂടാതെ കഴിയുവാനാവൂ.