തിരുവനന്തപുരം: നഗരസഭയിലെ ഭരണപക്ഷ അനുകൂല സംഘടനയായ കെ.എം.സി.എസ്.യുവിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത നടപടി കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയെങ്കിലും ആരോരും അറിയാതെ പാസായി. എന്തിനും ഏതിനും എതിർപ്പ് ഉന്നയിക്കുന്ന ബി.ജെ.പിക്കാർക്ക് പോലും ഇതേപറ്റി ഒരക്ഷരം മിണ്ടാൻ അവസരം ലഭിച്ചില്ല. ഇന്നലെ കൗൺസിൽ യോഗം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെയാണ് വിഷയം പരിഗണനയ്ക്ക് എത്തിയത്. ഇതോടെ ആരും ശ്രദ്ധിക്കപ്പെടാതെ വിഷയം കൗൺസിൽ പാസാക്കി.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടോ? നഗരസഭയ്ക്ക് ധനനഷ്ടം ഉണ്ടായോ? തുടങ്ങിയ സ്വാഭാവികമായ സംശയങ്ങൾ പോലും പ്രതിപക്ഷനിരയിലെ ആർക്കും ഉന്നയിക്കാൻ കഴിഞ്ഞില്ല. നഗരസഭയിൽ ഉദ്യോഗസ്ഥ അഴിമതി നടക്കുന്നുണ്ടെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉന്നയിക്കുകയും പ്രതിപക്ഷത്തിനൊപ്പം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുകയും ചെയ്ത ഭണപക്ഷത്തെ പാളയംരാജനും, വെട്ടുകാട് സോളമനും വിഷയം കേട്ടഭാവം നടിച്ചില്ല. അഴിമതിക്കെതിരായ ഭരണസമിതിയുടെ നടപടിയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും ആരും ഉണ്ടായില്ല.
ഒരു ചർച്ചയ്ക്ക് വഴിയൊരുക്കാതിരിക്കാൻ അത്യന്തം നാടകീയമായാണ് വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്.
മൂന്ന് വിഷയങ്ങളുള്ള സപ്ലിമെന്ററി അജണ്ടയിൽ ആദ്യ ഇനമായാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത നടപടി ഉൾപ്പെടുത്തിയിരുന്നത്. സാധാരണ പ്രാധന അജണ്ട വിതരണം ചെയ്യുന്നതിനൊപ്പമോ, പിന്നാലയോ സപ്ലിമെന്ററി അജണ്ടയും കൗൺസിലർമാക്കും മാദ്ധ്യമങ്ങൾക്കും വിതരണം ചെയ്യും. എന്നാൽ ഇന്നലെ കൗൺസിലർമാർക്ക് വിതരണം ചെയ്‌തെങ്കിലും സപ്ലിമെന്ററി അജണ്ട മാദ്ധ്യമങ്ങൾക്ക് നൽകിയില്ല.
ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ കൗൺസിലിൽ പ്രധാനവിഷയമായ പാർക്കിംഗിനെ കുറിച്ച് മൂന്ന് മണിക്കൂറോളം നീണ്ട ചർച്ച അവസാനിച്ചതോടെ മാദ്ധ്യമ പ്രവർത്തകരെല്ലാം കൗൺസിൽ ഹാളിന് പുറത്തിറങ്ങി. അപ്പോഴേക്കും സമയം 5മണി പിന്നിട്ടു. ഇതിന് ശേഷം 5.30തോടെ ഗാലറിയിൽ അവശേഷിച്ച ചുരുക്കം ചിലർക്ക് മാത്രം ഇത് നൽകി. വിഷയം ചർച്ചയായാൽ ഇതേച്ചൊല്ലി ഭരണപക്ഷത്ത് ഉടലെടുത്തിരിക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവരുമെന്ന് മേയർ ഉൾപ്പെടെയുള്ളവർക്ക് നന്നായി അറിയാം. മൂന്നര വർഷം പിന്നിടുന്ന കൗൺസിൽ ഭരണസമിതിയുടെ മേൽ അത്തരമൊരു കളങ്കം ചാർത്തപ്പെടരുതെന്ന ഉദ്യേശത്തോടെയായിരുന്നു ഇന്നലെ ജീവനക്കാരുടെ സസ്‌പെൻഷൻ വിഷയം കൈകാര്യം ചെയ്തത്.
യൂണിയൻ നേതാവിനെ തൊട്ടാൽ പൊള്ളും
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വെട്ടുകാട് സോളമനും, പാളയം രാജനും അഴിമതിയെ കുറിച്ചും യൂണിയൻ നേതാക്കളെ കുറിച്ചും തുറന്നടിച്ചിരുന്നു. പിന്നാലെ യൂണിയൻ നേതാവ് പരസ്യമായി യോഗം ചേർന്ന് മേയർ ഉൾപ്പെടെയുള്ളവരെ വിമർശിച്ചു. ഇതോടെയാണ് പ്രതിപക്ഷത്തിനൊപ്പം സോളമനും രാജനും സമരവേദി പങ്കിട്ടത്. എന്നാൽ മുന്നണി മര്യാദ പാലിക്കാതെ പ്രതിപക്ഷത്തിനൊപ്പം സമരം ചെയ്ത ഇരുനേതാക്കൾക്കുമെതിരെ മുന്നണിയിൽ അമർഷവും ഉടലെടുത്തിട്ടുണ്ട്. കെ.എം.സി.എസ്.യുവിന്റെ സംസ്ഥാന നേതാവിനെ ലക്ഷ്യം വച്ചുള്ള ഈ ഘടകകക്ഷി നേതാക്കളുടെ ആക്രമണത്തെ മുളയിലെ നുള്ളാനും സിപിഎമ്മിലെ ഒരുവിഭാഗം ലക്ഷ്യമിടുന്നുണ്ട്.. എന്നാൽ മേയർ ഇക്കാര്യത്തിൽ പാളയം രാജനും വെട്ടുകാട് സോളമനുമൊപ്പമാണ്. മേയർ ഓഫീസിന്റെ ഭരണം കൈപ്പിടിയിലാക്കാൻ കഴിയാതെ നടക്കുന്ന യൂണിയൻ നേതാവിനെതിരെ നഗരസഭയിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്