ന്യൂഡൽഹി: കാശ്‌മീർ താഴ്‌വരയിൽ ഇന്ത്യൻ സൈന്യത്തിനും ഗവൺമെന്റിനും
കനത്ത പ്രഹരം ഏല്പിക്കാൻ അൽക്വ ഇദ തലവനായ കൊടും ഭീകരൻ
അയ്‌മൻ അൽ സവാഹിരി കാശ്‌മീരിലെ മുജാഹിദ്ദീനുകളോട് ആവശ്യപ്പെട്ടു. പള്ളികൾ, മാർക്കറ്റുകൾ തുടങ്ങി മുസ്ലിങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ ആക്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.
അൽക്വ ഇദയുടെ മാദ്ധ്യമ വിഭാഗമായ അസ് ഷബാബ് 'കാശ്‌മീരിനെ മറക്കരുത്' എന്ന തലക്കെട്ടിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഈ ഭീഷണി. കാശ്‌മീരിലെ ഭീകരപ്രവർത്തനത്തിൽ പാകിസ്ഥാന്റെ പങ്കും വെളിപ്പെടുത്തുന്നതാണ് സന്ദേശം.
കാശ്‌മീരിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ ജിഹാദിന് അൽക്വ ഇദ ഒരു ഗ്രൂപ്പിനെ വളർത്തുന്നുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. ''കാശ്‌മീരിലെ മുജാഹിദ്ദീനുകൾ ഏകമനസോടെ താഴ്‌വരയിലെ ഇന്ത്യൻ സൈന്യത്തിനും ഭരണകൂടത്തിനും ശക്തമായ പ്രഹരം ഏല്പിക്കണം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരണം. അതിന് ഇന്ത്യൻ പക്ഷത്ത് കനത്ത ആൾനാശവും ആയുധനാശവും സംഭവിക്കണം - സവാഹിരി പറഞ്ഞു.
കാശ്‌മീർ ജിഹാദികൾക്ക് പരിശീലനം നൽകുന്നതിൽ പാകിസ്ഥാന്റെ പങ്ക് എടുത്തു പറയുന്ന സന്ദേശത്തിൽ പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന വിമർശനവും ഉണ്ട്.
പാകിസ്ഥാൻ ഭരണകൂടവും സൈന്യവും അമേരിക്കയുടെ സ്‌തുതിപാഠകരാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് റഷ്യയെ തുരത്തിയ ശേഷം അരബ് മുജാഹിദ്ദീനുകൾ കാശ്‌മീരിലേക്ക് പോകുന്നത് തടഞ്ഞത് പാകിസ്ഥാനാണ്. അഫ്ഗാനിസ്ഥാനിലെ അൽക്വ ഇദ ക്യാമ്പിലാണ് പാകിസ്ഥാൻ കാശ്‌മീർ ജിഹാദികളെ പരിശീലിപ്പിച്ചത്. പാക് മിലിട്ടറി ഇന്റലിജൻസിനായിരുന്നു പരിശീലനത്തിന്റെ ചുമതല.
അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് (9/11) ശേഷം പാകിസ്ഥാൻ ഇരട്ടത്താപ്പ് കാട്ടി. അൽക്വ ഇദയ്‌ക്കെതിരെ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടത്തുമ്പോൾ തന്നെ പാകിസ്ഥാൻ ഉന്നത താലിബാൻ ഭീകരർക്ക് താവളമൊരുക്കുകയും ചെയ്‌തു. മുജാഹിദ്ദീനുകളെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ മാത്രമാണ് പാക് ഭരണകൂടത്തിനും സൈന്യത്തിനും താത്പര്യം. ആവശ്യം കഴിഞ്ഞാൽ പാകിസ്ഥാൻ ഒന്നുകിൽ ഭീകരരെ കൈവിടും. അല്ലെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യും - സവാഹിരി പറഞ്ഞു.
ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ സംഘർഷം അമേരിക്കൻ ഇന്റലിജൻസ് നിയന്ത്രിക്കുന്ന അതിർത്തികളുടെ പേരിലുള്ള ശത്രുതയാണ്. കാശ്മീരിലെ പോരാട്ടമാകട്ടെ വേറിട്ട ഒന്നല്ല. അത് വലിയ സൈനിക ശക്തികൾക്കെതിരെ
ലോകമെമ്പാടുമുള്ള മുസ്ളിം സമൂഹം നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ്. കാശ്‌മീർ, ഫിലിപ്പൈൻസ്, ചെച്‌നിയ, പശ്ചിമേഷ്യ, സിറിയ, ഇറാക്ക്, സൊമാലിയ തുടങ്ങിയ സ്ഥലങ്ങളിലെ ജിഹാദിനെ പിന്തുണയ്‌ക്കേണ്ടത് എല്ലാ മുസ്ലിങ്ങളുടെയും കടമയാണ്. അമേരിക്കയെയും സഖ്യകക്ഷികളെയും തോല്പിക്കാനുള്ള കരുത്ത് ജിഹാദികൾ ആർജ്ജിക്കണമെന്നും സവാഹിരി പറഞ്ഞു.