lotus

ന്യൂഡൽഹി: നിലവിൽ ഒരു പൂവിനും ദേശീയ പുഷ്‌പമെന്ന പദവി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എന്നാൽ 2011ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ പുഷ്‌പത്തിന്റെ കാര്യത്തിൽ ഇത്തരത്തിലൊരു ഉത്തരവും നിലനിൽക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബി.ജെ.ഡി അംഗം പ്രസന്ന ആചാര്യയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ ഉത്തരം.

നേരത്തെ, ലക്‌നൗ കേന്ദ്രമായി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ ഐശ്വര്യ പരശർ നൽകിയ അപേക്ഷയിൽ ബൊട്ടാണിക്കൾ സർവേ ഒഫ് ഇന്ത്യയും സമാനമായ ഉത്തരം നൽകിയിരുന്നു. താമര ഇന്ത്യയുടെ ദേശീയ പുഷ‌്പമാണോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം. എന്നാൽ ഗൂഗിളിന്റെയും വിക്കീപീഡ‌ിയയുടെയും രേഖകളിൽ ഇപ്പോഴും താമര തന്നെയാണ് ഇന്ത്യയുടെ ഔദ്യോഗിക പുഷ്‌പം.