ന്യൂഡൽഹി: സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ സ്വിറ്റ്‌സർലൻഡ് ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇതു സംബന്ധിച്ച ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഒഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിൽ ഇരുരാജ്യങ്ങളും ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഈവർഷം സെപ്‌തംബർ 30ന് ആദ്യഘട്ട വിവരങ്ങൾ കൈമാറുമെന്നാണ് സൂചന. ഒരുവർഷത്തിനകം പൂർണ വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും.
ഇന്ത്യക്കാർ വിദേശ നിക്ഷേപിച്ച കള്ളപ്പണം പൂർണമായി ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ പട്ടിക കൈമാറാൻ 2018ൽ സ്വിസ് സർക്കാർ നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞമാസം 50ഓളം ഇന്ത്യൻ കള്ളപ്പണക്കാരുടെ പട്ടിക സ്വിറ്ര്‌സർലൻഡ് സർക്കാർ ഫെഡറൽ ഗസ്‌റ്രിൽ പരസ്യപ്പെടുത്തിയിരുന്നു. കൃഷ്‌ണ ഭഗവാൻ രാംചന്ദ്, പോൾട്ടൂരി രാജാമോഹൻ റാവു, കുൽദീപ് സിംഗ് ദിംഗ്ര, ഭാസ്‌കരൻ നളിനി, അനിൽ ഭരദ്വാജ്, അജോയ് കുമാർ, ഭാസ്‌കരൻ തരൂർ തുടങ്ങിയ പേരുകളും ഒട്ടേറെ പേരുടെ 'ഇനീഷ്യലുകൾ" മാത്രവുമാണ് പരസ്യപ്പെടുത്തിയത്.
കള്ളപ്പണക്കാരുടെ പുതിയ പട്ടിക ഇന്ത്യയ്ക്ക് കൈമാറുന്നതിനായി പാർലമെന്റിൽ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വിസ് സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യ-സ്വിസ് ബന്ധം കൂടുതൽ മെച്ചപ്പെടുത്തിന്റെ ഭാഗമാണിതെന്ന് സ്വിസ് സർക്കാർ പ്രതികരിച്ചു.