national

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരിനെ താങ്ങിനിറുത്താൻ ഇരുപാർട്ടി നേതൃത്വവും അവസാന ശ്രമങ്ങൾ തുടരുമ്പോൾ, കോൺഗ്രസിൽ നിന്ന് ഇന്നലെ രണ്ട് എം.എൽ.എമാർ കൂടി രാജിവയ്ക്കുകയും അനുനയ ശ്രമങ്ങൾ വിഫലമാവുകയും ചെ്യതതോടെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമായി. അതിനിടെ, രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസിലെ 10 വിമത എം.എൽ.എമാർ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും

അഞ്ചു ദിവസത്തിനകം രണ്ടു പാർട്ടികളിൽ നിന്നുമായി രാജിവച്ചത് 16 പേരാണ്. 13 മാസം മാത്രം പ്രായമെത്തിയ കുമാരസ്വാമി സർക്കാരിന്റെ പതനം ആസന്നമെന്ന നിലയിലേക്ക് രാഷ്ട്രീയ ഗതി മാറിയതോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കം ബി.ജെ.പി വേഗത്തിലാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാജിവച്ച് മുംബയിലേക്കു പറന്ന കോൺഗ്രസ് വിമതരെ ഇവർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിലെത്തി അനുനയിപ്പിക്കാൻ പോയ മന്ത്രി ഡി.കെ. ശിവകുമാറിനെ ഹോട്ടലിന്റെ ഗേറ്റു കടക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹം ഉൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശിവകുമാറിനു പുറമെ കർണാടക എം.എൽ.എയും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ, മുംബയിലെ കോൺഗ്രസ് നേതാവ് നസീം ഖാൻ, മൂന്ന് ജെ.ഡി.എസ് എം.എൽ.എമാർ എന്നിവരെയാണ് മുംബയ് പൊലീസ് ഉച്ചയ്ക്ക് രണ്ടരയോടെ കസ്റ്റഡിയിലെടുത്ത് കലീന കാമ്പസ് ഗസ്റ്റ് ഹൗസിലേക്കു മാറ്രിയത്. ഹോട്ടൽ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു.

എം.എൽ.എമാരെ അനുനയിപ്പിച്ചും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും അയോഗ്യതാ സാദ്ധ്യത ചൂണ്ടിക്കാട്ടി സമ്മർദ്ദത്തിലാക്കിയും തിരികെയെത്തിക്കാനുള്ള നീക്കങ്ങൾക്കിടെ രണ്ട് എം.എൽ.എമാർ കൂടി രാജിവച്ചത് കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. പാർപ്പിട വികസന മന്ത്രി എം.ടി.ബി. നാഗരാജ്, ഡോ. കെ. സുധാകർ എന്നിവരാണ് ഇന്നലെ രാജിവച്ചത്. മന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയം മടുത്തെന്നും രാജിക്കു ശേഷം നാഗരാജ് മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

അതേസമയം, രാജിവച്ച 16 എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കർ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എട്ടു പേരുടെ രാജി നിയമസഭാ ചട്ടങ്ങൾ അനുസരിച്ചല്ലെന്നു ചൂണ്ടിക്കാട്ടി, പുതിയ കത്തു നൽകാൻ ചൊവ്വാഴ്ച തന്നെ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. രണ്ടു ദിവസത്തിനകം തന്നെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭരണപക്ഷത്ത് സ്ഥിതിഗതികൾ കുഴഞ്ഞുമറിയുന്നതിനിടെ ഇന്നലെ രാവിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയെക്കണ്ട്, എം.എൽ.എമാരുടെ രാജി എത്രയും വേഗം സ്വീകരിക്കാൻ സ്പീക്കറോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു.

 കർണാടകം: 4 സാദ്ധ്യതകൾ

1. കോൺഗ്രസ് - ജെ.ഡി.എസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി നാലോ അഞ്ചോ എം.എൽ.എമാർ രാജി പിൻവലിച്ച് തിരികെ വന്നേക്കാം. ഇതു സംഭവിച്ചില്ലെങ്കിൽ ബി.ജെ.പിയിൽ നിന്ന് നാലോ അഞ്ചോ പേരെ രാജിവയ്പിച്ച് ഭരണപക്ഷത്തിനൊപ്പം നിറുത്താൻ സഖ്യ നേതാക്കൾ ശ്രമിക്കും. ഇതിലൊന്ന് സംഭവിച്ചാൽ കുമാരസ്വാമി സർക്കാരിന് തുടരാം. 2. മുഴുവൻ വിമതരുടെയും രാജി സ്പീക്കർ സ്വീകരിക്കുന്നു. 108 എം.എൽ.എമാരുടെ പിൻബലവുമായി സർക്കാർ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നു. 16 പേരുടെ രാജി സ്വീകരിക്കുമ്പോൾ സഭയിലെ അംഗസംഖ്യ 208 ഉം കേവലഭൂരിപക്ഷ സംഖ്യ 105 ഉം ആകും. ഗവർണർക്ക് ബി.ജെ.പിയെ ക്ഷണിക്കാം. 3. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്ക് എതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചേക്കാം. തീരുമാനം വേഗത്തിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചാൽ, നിയമസഭാ സമ്മേളനം തുടങ്ങുന്ന വെള്ളിയാഴ്ച തന്നെയോ തിങ്കളാഴ്ചയോ സഭയിൽ വിശ്വാസം തെളിയിക്കാൻ കുമാരസ്വാമി സർക്കാരിനോട് സ്പീക്കർ ആവശ്യപ്പെടും. 4. മുഴുവൻ പേരുടെയും രാജി സ്വീകരിക്കപ്പെടുകയും, അതേസമയം രണ്ട് സ്വതന്ത്രരും ബി.എസ്.പി അംഗവും ബി.ജെ.പിയെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്താൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി. രാഷ്‌ട്രപതി ഭരണം വന്നേക്കാം. കർണാടകത്തിൽ കുമാരസ്വാമി സർക്കാർ 13 മാസം മാത്രം പിന്നിടവേ, വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് ധ‌ൃതിപിടിച്ച് തീരുമാനിക്കില്ല ഇതുവരെ ആരുടെയും രാജി സ്വീകരിച്ചിട്ടില്ല. ഇരുട്ടിവെളുക്കുമ്പോഴേക്കും തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇത്. അവർക്ക് സമയം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് വൈകാതെ ഉചിതമായ തീരുമാനമെടുക്കും - കെ.ആർ. രമേശ് കുമാർ, കർണാടക സ്പീക്കർ