ചെന്നൈ: അക്കാഡമിക്, മെഡിക്കൽ രംഗങ്ങൾ ഉൾപ്പെടെ ഇന്ത്യയുമായി വിവിധതലങ്ങളിൽ സഹകരിക്കാൻ നമീബിയയ്ക്ക് താത്പര്യമുണ്ടെന്ന് നമീബിയൻ ഹൈക്കമ്മിഷണർ ഗബ്രിയേൽ പി. സിനിമ്പോ പറഞ്ഞു. ചെന്നൈ കട്ടൻകുളത്തൂർ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ആരംഭിച്ച പഞ്ചദിന സ്‌മാർട് ഇന്ത്യ ഹാക്കത്തോൺ - ഹാർഡ്‌വെയർ എഡിഷൻ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌മാർട് ഇന്ത്യ ഹാക്കത്തോൺ മാതൃകാപരമാണെന്നും നമീബിയൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് അനുകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്തെ പ്രമുഖ കമ്പനികളുമായി സഹകരിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, എ.ഐ.സി.ടി.ഇ., ഇന്റർ ഇൻസ്‌റ്റിറ്റ്യൂഷണൽ ഇന്നൊവേഷൻസ് സെന്റർ തുടങ്ങിയവ സംയുക്തമായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. സർവകലാശാലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും വ്യവസായിക രംഗം നേരിടുന്ന സാങ്കേതിക പ്രതിസന്ധികൾ മറികടക്കാൻ വിദ്യാർത്ഥികളുടെ ആശയം തേടുകയുമാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

പിന്നീട് എസ്.ആർ.എം ഹോസ്‌പിറ്റൽ സന്ദർശിച്ച ഹൈക്കമ്മിഷണർ, വിവിധ ഇന്ത്യൻ ആശുപത്രികൾ നബീബിയൻ ഡോക്‌ടർമാർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകാൻ സന്നദ്ധത അറിയിച്ച കാര്യവും വ്യക്തമാക്കി. എസ്.ആർ.എം ഇൻസ്‌റ്റിറ്ര്യൂട്ട് പ്രസിഡന്റ് ഡോ.പി. സത്യനാരായണൻ, എസ്.ആർ.എം ഹോസ്‌പിറ്റൽ ഡീൻ ഡോ.എ. സുന്ദരം, മെഡിക്കൽ സൂപ്രണ്ട് ടി. സ്വാമിനാഥൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.