rahul

ന്യൂഡൽഹി: അമേതിയുമായുള്ള ബന്ധം തനിക്കൊരിക്കലും അവസാനിപ്പിക്കാൻ കഴിയുന്നതല്ലെന്നും അമേതി തന്റെ വീടും കുടുംബവുമാണെന്നും രാഹുൽ ഗാന്ധി. തന്റെ മുൻ മണ്ഡലമായ യു.പിയിലെ അമേതിയിൽ സന്ദർശനം നടത്തവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടശേഷം ആദ്യമായാണ് രാഹുൽ അമേതിയിലെത്തുന്നത്.

ജയവും തോൽവിയും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അതിന്റെ പേരിൽ അമേതിയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും, ഇവിടേക്ക് വരുന്നത് വീട്ടിലേക്ക് വരുന്നതുപോലെയാണെന്നും രാഹുൽ പറഞ്ഞു. പാർട്ടിയെ ശക്തമാക്കുന്നതിനുള്ള പ്രവർത്തനത്തിന് സജ്ജരാകാനും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു. അമേതിയുമായുള്ള ബന്ധം വ്യക്തിപരമാണെന്നും രാഹുൽ പറഞ്ഞു. അമേതിയിലെ നിർമല ദേവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1500ഓളം പേർ പങ്കെടുത്തു. അതേസമയം, രാഹുലിന്റെ സന്ദർശനത്തിനിടെ അമേതിയിൽ രാഹുലിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രാജീവ് ഗാന്ധി ട്രസ്റ്റ് നടത്തുന്ന ആശുപത്രിയായ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ മരിച്ച ഒരു രോഗിയുടെ ബന്ധുക്കൾക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകൾ.