karnataka

ബെംഗളൂരു: രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി ഇന്ന് രാജിവച്ചതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് ഡെ.ഡി.എസ് സർക്കാരിന്റെ നിലനില്പ് കൂടുതൽ സങ്കീർണമായി. കെ.സുധാകർ, എം.ടി.ബി നാഗരാജ് എന്നീ എം.എൽ.എമാരാണ് രാജിവച്ചത്. കെ.സുധാകരിന്റെ രാജിക്ക് പിന്നാലെ കർണാടക വിധാൻസൗധയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. രാജി വച്ച കെ. സുധാകറിനെ കോൺഗ്രസ് നേതാക്കൾ മന്ത്രിയുടെ മുറിയിൽ പൂട്ടിയിട്ടതായാണ് റിപ്പോർട്ടുകൾ.

മന്ത്രി കെ.ജെ. ജോർജിന്റെ മുറിയിലാണ് സുധാകറിനെ പൂട്ടിയിട്ടത്. സ്പീക്കർക്ക് രാജി സമർപ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ എം.എൽ.എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കെ. സുധാകറിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ബി.ജെ.പി. നേതാക്കളും വിധാൻസൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാൻ കോണ്‍ഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.