ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിനെതിരെയും ജമ്മുകാശ്മീരിനെതിരെയും ഭീഷണി സന്ദേശവുമായി അൽ-ഖയിദ തലവൻ അയ്മൻ അൽ–സവാഹിരി രംഗത്ത്. കാശ്മീരിനെ മറക്കരുതെന്നും ഇന്ത്യൻ സൈന്യത്തിന് തിരിച്ചടി നൽകാൻ കാശ്മീരിലെ മുജാഹിദ്ദീനുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അയ്മൻ അൽ–സവാഹിരി പറഞ്ഞു. ഭീകരസംഘടന പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരവാദത്തിൽ പാകിസ്ഥാന്റെ പങ്കിനെപറ്റിയും സവാഹിരി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ സൈന്യത്തിനെതിരെയും സർക്കാറിനെതിരെയും പ്രവർത്തിച്ച് സാമ്പത്തികാവസ്ഥ തകർക്കുന്നതിലും ആൾനാശം വരുത്തുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കാശ്മീരിന് വേണ്ടിയുള്ള പോരാട്ടം പ്രത്യേകമല്ലെന്നും ലോകത്താകമാനമുള്ള ജിഹാദി പോരാട്ടത്തിന്റെ ഭാഗമാണെന്നും സവാഹിരി പറഞ്ഞു. കാശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന് ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ പണ്ഡിതർ ശ്രദ്ധിക്കണമെന്നും സവാഹിരി സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് തെളിയിക്കുന്നതിനായി പാകിസ്ഥാൻ ഇന്റലിജൻസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. കാശ്മീരിലെ സംഘട്ടനങ്ങൾ വെറും അതിർത്തി തർക്കം മാത്രമല്ലെന്നും മുസ്ലിം സമുദായത്തിനെതിരെയുള്ള വിനാശ ശക്തികളോടുള്ള യുദ്ധമാണെന്നും സവാഹിരി പറഞ്ഞു. കാശ്മീരിൽ മുസ്ലിം പള്ളികളിലും മുസ്ലിങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളിലും ആക്രമം നടത്തരുതെന്നും അയ്മൻ അൽ–സവാഹിരി ആഹ്വാനം ചെയ്തിട്ടുണ്ട്.