അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ പിറന്നാളായിരുന്നു ഇന്ന്. ജീവിച്ചിരുന്നെങ്കിൽ ബാലുവിന് ഇന്ന് 41ാം പിറന്നാൾ. പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. പിറന്നാൾ ആശംസകൾ ബാല. ഒരുപാട് മിസ് ചെയ്യുന്നു. സ്റ്റീഫൻ ദേവസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“ജന്മദിനാശംസകൾ ബാല. നമ്മൾ ഒരുമിച്ചു പങ്കിട്ട ഓർമകൾ ഞാൻ എപ്പോഴും ഓർക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അതിനിയും അങ്ങനെ ആയിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു സുഹൃത്തേ,” സ്റ്റീഫൻ കുറിച്ചു.
ബാലഭാസ്കറും ശിവമണിയും സ്റ്റീഫൻ ദേവസിയുമൊത്തുള്ള ചിത്രം സഹിതമായിരുന്നു സ്റ്റീഫന്റെ കുറിപ്പ്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
സ്റ്റീഫൻ ദേവസ്യയുമൊത്ത് നിരവധി സ്റ്റേജ് പരിപാടികൾ ഒരുമിച്ച് അവതരിപ്പിച്ച ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കർ തന്നോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫൻ പറഞ്ഞിരുന്നു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാർമരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്‌കറിന്റെ ഏക മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മി ജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ്.