തിരുവനന്തപുരം: ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർചികിത്സയും സർക്കാർ ഉറപ്പുവരുത്തി.
പത്രവാർത്തയെ തുടർന്നാണ് അതുല്യയുടെ ദയനീയാവസ്ഥ കായിക വകുപ്പ് അറിഞ്ഞത്. തലച്ചോറിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് ട്രാക്കിൽ തിരിച്ചെത്തിയ താരത്തെ വീണ്ടും അസുഖം ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെലവേറിയ ശസ്ത്രക്രിയ ആവശ്യമാണെന്ന് മനസിലായത്.
ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്നു അതുല്യ. 400 മീറ്റർ ഹർഡിൽസിൽ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വർണമെഡൽ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡൽ ജേതാവുമാണ്. മൈതാനത്തിലേതുപോലെ പഠനത്തിലും മികവ് കാട്ടുന്ന താരം കൂടിയാണ് അതുല്യ.