ബെംഗലുരു: കർണാടകയിൽ ഇന്ന് രണ്ടുകോൺഗ്രസ് എം.എൽ.എമാർ ഇന്ന് രാജിവച്ചതിൽ കെ.സുധാകറിനെ കോൺഗ്രസ് നേതാക്കൾ പൂട്ടിയിട്ടിരുന്നു.എന്നാൽ രാത്രി വൈകി സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പൊലീസെത്തി മോചിപ്പിച്ചു. എം.എൽ.എയെ രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മന്ത്രി കെ.ജെ. ജോർജിന്റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.
രാജി വച്ച കോൺഗ്രസ് എം.എൽ.എമാരായ കെ സുധാകറിനെയും എം.ടി.ബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ കണ്ടിരുന്നു. രാജി വയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ് നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് പി.സി.സി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ എല്ലാ കവാടങ്ങളും അടയ്ക്കുകയും മാദ്ധ്യമങ്ങളെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൗധയിൽ മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു.
അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എം.എൽ.എമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബയ് പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ബി.ജെ.പി ആവശ്യപ്പെടുന്നതനുസരിച്ച് തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ പറഞ്ഞു.