rahul-gandhi

അമേതി : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അമേതിയിലെ പരാജയത്തിന് ശേഷം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി.. അമേതിയിൽ കോൺഗ്രസിന്റെ വിശകലന യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്. തോൽവിക്ക് ശേഷം ആദ്യമായി അമേതിയിലെത്തിയ രാഹുൽ ഗാന്ധി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി.

മണ്ഡലത്തിലെ വികസന മുരടിപ്പും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്തയാളാണെന്ന പ്രതീതിയും അമേതിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തങ്ങളുടെ ജനപ്രതിനിധി അപ്രാപ്യനാണെന്ന തോന്നൽ സാധാരണക്കാരിലുണ്ടായി. പാർട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കൾ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എടുത്തു പറയാവുന്ന വികസന നേട്ടങ്ങളൊന്നും മണ്ഡലത്തിലില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

2014 ലെ തോൽവിക്ക് ശേഷം സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമായതുപോലെ രാഹുലും അമേത്തിയിലുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കാൻ ഒരു സംവിധാനം അമേതിയിലുണ്ടാകണമെന്ന് രാഹുൽ നിർദ്ദേശിച്ചതായാണ് വിവരം. അമേതിയിലെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും, വീട്ടിലെത്തിയ തോന്നലാണുണ്ടായതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തോടൊപ്പം അമേതിയിലെ പ്രതിനിധി ചന്ദ്രകാന്ത് ദുബേ, ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരും രാജിവച്ചിരുന്നു.


കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേതിയിൽ 52,000ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ വീഴ്ത്തിയത്.