kohli

മാഞ്ചസ്റ്റർ: 240 റൺസ് വിജയപ്രതീക്ഷയുമായി ക്രീസിലിറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ആദ്യ ഓവറിൽ പുറത്താക്കിയ ന്യൂസിലൻഡ് ബോളർമാർക്കാണ് ഇന്നത്തെ മത്സരത്തിന്റെ എല്ലാ ക്രഡിറ്റും നൽകുന്നതെന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പറഞ്ഞു. ആദ്യ പകുതിയിൽ കളി ഇന്ത്യക്ക് അനുകൂലമായിരുന്നു. ന്യൂസിലൻഡിനെതിരെ ഏത് പിച്ചിലായാലും വിജയം നേടാവുന്ന സ്‌കോറിൽ ഒതുക്കാനായി. എന്നാൽ മറുപടി ബാറ്റിംഗിലെ ആദ്യ അര മണിക്കൂർ ആണ് എല്ലാം തകിടം മറിച്ചത്. അതിന് എല്ലാ ക്രെഡിറ്റും ന്യൂസിലൻഡ് ബൗളർമാർക്കാണെന്നും കൊഹ്ലി കൂട്ടിച്ചേർത്തു.

രവീന്ദ്ര ജഡേജയുടെ ഇന്നത്തെ പ്രകടനം മികച്ച പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ജഡേജയ്ക്ക് ഇന്നത്തെ മത്സരത്തിൽ കഴിഞ്ഞു. പക്ഷേ തോൽവി നിരാശയുണ്ടാക്കുന്നതാണ്. ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും മികവ് പ്രകടിപ്പിച്ചിട്ടും 45 മിനിറ്റ് നേരത്തെ മോശം ക്രിക്കറ്റ് കാരണം പുറത്താകേണ്ടി വരുന്ന അവസ്ഥയാണിത്. നോക്കൗട്ടിലേക്ക് കടക്കുമ്പോൾ അതങ്ങനെയാണ്. ഇന്ന് തങ്ങളെക്കാൾ മികവ് പ്രകടിപ്പിച്ചത് ന്യൂസിലൻഡ് ആണെന്നും അവർ വിജയം അർഹിച്ചിരുന്നുവെന്നും കോഹ്ലി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ പൊരുതിയാണ് ഇന്ന് തോറ്റത്. രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും പരിശ്രമം വിഫലമാവുകയായിരുന്നു. 59 ബോളിൽ 77 റൺസെടുത്താണ് ജഡേജ പുറത്തായത്. മത്സരത്തിൽ ധോണി- ജഡേജ കൂട്ടുകെട്ട് ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാനം കൈവിട്ടു പോകുകയായിരുന്നു. നാലു വീതം സിക്സും ബൗണ്ടറിയും സഹിതം 77 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജഡേജയെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 50 റൺസെടുത്ത ധോണി റണ്ണൗട്ടായി. മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 49.1 ഓവറിൽ എല്ലാവരും പുറത്തായതോടെ ഇന്ത്യ 221 റൺസ് തികച്ചു. ഇതോടെ ന്യൂസിലൻഡ് ഫൈനലിലേക്ക് യോഗ്യത നേടി.