സുൽത്താൻ ബത്തേരി: ദേശീയ പാത 766-ൽ പൊൻകുഴിയിൽ വെച്ച് ലോറിയിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ കാട്ടാനയെ മയക്ക് വെടി വച്ച് വനം വകുപ്പ് അധികൃതർപിടികൂടി ചികിൽസ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് തകരപ്പാടിയിൽ വെച്ച് ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷമീജിനെ (30) അറസ്റ്റിലാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
കർണാടകയിൽ നിന്ന് ലോഡുമായി വരുന്ന ലോറിയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയെ തട്ടിയത്. 25 വയസ് പ്രായം വരുന്ന പിടിയാനയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് ശേഷം തകരപ്പാടി ചെക്ക്‌പോസ്റ്റിന് സമീപം ലോറി നിർത്തിയിട്ടിരിക്കെയാണ് ഡ്രൈവറെയും ലോറിയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇടിയുടെ ആഘാതത്തിൽ കട്ടാനയുടെ മുൻവശത്തെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു.ലോറി തട്ടി റോഡിൽ വീണ ആന ഒരുമണിക്കൂറോളം അവിടെ തന്നെ കിടന്നശേഷമാണ് പിന്നീട് നിരങ്ങി വനത്തിത്തിലേക്ക് നീങ്ങിയത്
അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ,ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പ്രാഥമിക ചികിൽസ നൽകി. ഇന്നലെ കാലത്ത് മയക്ക് ഇഞ്ചക്ഷൻ നൽകിയ ശേഷം ചികിൽസ നടത്തി. മയക്കം വിട്ടുണർന്ന ആന അൽപ്പദൂരം കൂടി കാട്ടിലേക്ക് നീങ്ങി. കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ നിരീക്ഷിക്കുകയും തുടർ ചികിൽസക്ക് വേണ്ട സാഹചര്യമാണങ്കിൽ നൽകുന്നതിനായി ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കുകയും ചെയ്തു.മനപ്പൂർവ്വമല്ലാത്ത കുറ്റത്തിന് ഡ്രൈവറുടെ പേരിൽ വനം വകുപ്പ് കേസെടുത്തു.