വിമതർ ബി. ജെ. പിയിലേക്കെന്ന് സൂചന
പനാജി:കർണാടകത്തിന് പിന്നാലെ ഗോവയിലും കോൺഗ്രസിനെ പിളർത്തിക്കൊണ്ട് പതിനഞ്ച് പാർട്ടി എം. എൽ.എമാരിൽ പത്ത് പേർ നിയമസഭയിൽ പ്രത്യേക ഗ്രൂപ്പായി ഇരിക്കാൻ ഇന്നലെ സ്പീക്കർക്ക് കത്ത് നൽകി. ഈ എം. എൽ. എമാർ
ബി. ജെ. പിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തിൽ സ്‌പീക്കർ രാജേഷ് പട്നേക്കറെ നേരിട്ട് കണ്ടാണ് സഭയിൽ പ്രത്യേക ഗ്രൂപ്പാകുന്ന വിവരം അറിയിച്ചത്. ഇതോടെ ഗോവ സഭയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങൾ മാത്രമായി.
നിയമസഭയുടെ മൺസൂൺ സമ്മേളനം 15ന് തുടങ്ങാനിരിക്കെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉരുണ്ടു കൂടിയത്.
മുൻമുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂയിസിഞ്ഞോ ഫെലീറിയോ എന്നിവരും എം. എൽ.എ അലിക്‌സോ റജിനാൾഡോയുമാണ് ഇനി കോൺഗ്രസ് നിയമസഭാ കക്ഷിയിൽ ശേഷിക്കുന്നത്.
വിമത കോൺഗ്രസ് എം. എൽ.എമാർ ഭരണകക്ഷിയായ ബി. ജെ. പിയിൽ ചേർന്നാൽ 40 അംഗ സഭയിൽ അവരുടെ അംഗസംഖ്യ 27 ആകും. ഇവരിൽ അഞ്ച്
പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അതിനായി ബി. ജെ. പി. സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരെയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒഴിവാക്കുമെന്ന് റിപ്പോർട്ടുണ്ട്.
നിയമസഭയിലെ കക്ഷിനില
ആകെ അംഗങ്ങൾ 40
ബി. ജെ. പി 17
കോൺഗ്രസ് 15
ഗോവ ഫോർവേഡ് പാർട്ടി 3
എം. ജി. പി 1
എൻ. സി. പി 2
സ്വതന്ത്രർ 2