kohils-out

മാഞ്ചസ്റ്റർ : ഓൾഡ് ട്രഫോൾഡിലെ മഴ നനഞ്ഞ പിച്ച് ഇന്ത്യൻ കണ്ണീരു കൂടി വീണ് കുതിർന്നു. ഒരു ദിനം കൂടി നീട്ടിയ സെമി ഫൈനലിൽ അവസാനം വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്കും തിരശീല വീണു.

മഴമൂലം റിസർവ് ദിനത്തിലേക്ക് നീണ്ട ആദ്യ സെമി ഫൈനലിൽ 18 റൺസിനാണ് ഇന്ത്യയുടെ തോൽവി.

ചൊവ്വാഴ്ച ന്യൂസിലാൻഡ് 46.1 ഓവറിൽ 211/5 സ്കോറിൽ നിറുത്തിവച്ചിരുന്ന കളി ഇന്നലെ പുനരാരംഭിച്ചപ്പോൾ അവർ നിശ്ചിത 50 ഓവറിൽ 239/8 എന്ന നിലയിൽ ഇന്നിംഗ്സ് പൂർത്തിയാക്കി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.3 ഓവറിൽ 221 ന് ആൾ ഔട്ടാവുകയായിരുന്നു. ഇതോടെ ന്യൂസിലൻഡ് ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ടീമായി.

വെറും അഞ്ച് റൺസെടുക്കുന്നതിനിടെ രോഹിത് (1), കൊഹ്‌ലി (1), രാഹുൽ (1) എന്നിവരെ നഷ്ടമായ ഇന്ത്യയെ മാന്യമായ പോരാട്ടത്തിലേക്ക് നയിച്ചത് രവീന്ദ്ര ജഡേജ (77), മഹേന്ദ്ര സിംഗ് ധോണി (50), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരുടെ ഇന്നിംഗ്സുകളാണ്. അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ വിജയ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യയ്ക്ക് കനത്ത ആഘാതമായത് ജഡേജയുടെ ക്യാച്ചും ധോണിയുടെ റൺ ഔട്ടുമാണ്. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി മൂന്നും ബൗൾട്ട്, സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

# തുടർച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

# 2011 ലോകകപ്പിന് ശേഷം ഇന്ത്യ സെമിയിൽ തോൽക്കുന്നതും ഇത് രണ്ടാംതവണ.