goa-

പനാജി: കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ രാജി വച്ചതിനെതുടർന്നുള്ള പ്രതിസന്ധി തുടരുന്നതിനിടെ ഗോവയിലും കോൺഗ്രസിന് തിരിച്ചടി. ഗോവയിലെ 15 കോൺഗ്രസ് എം.എൽ.എമാരിൽ പത്ത് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂടുമാറുന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോകുന്നത്.

പാർട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോൺഗ്രസ് എം.എൽ.എമാരും സ്പീക്കർക്ക് കത്തുനൽകി. ഇന്ന് വൈകിട്ടാണ് നിയമസഭാ മന്ദിരത്തിലെത്തി എം.എൽ.എമാർ സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു.

ചന്ദ്രകാന്ത് കാവ്‌ലേക്കറിനെ കൂടാതെ ഫ്രാൻസിസ് സിൽവേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വിൽഫ്രഡ് ഡിസൂസ, നീൽകാന്ത് ഹലാങ്കർ തുടങ്ങിയവർ ഉൾപ്പെടെയാണ് ബി,​.ജെ.പിയിൽ ചേരുന്നത്. അതേസമയം പാർട്ടി വീടാനുള്ള കാരണം ഇവർ വ്യക്തമാക്കിയിട്ടില്ല.

പത്തുപേർ പോകുന്നതോടെ ഇനി കോൺഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങും.

നാൽപതംഗം നിയമസഭയിൽ ബി.ജെ.പിക്ക് ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി ഭരിക്കുന്നത്.