india

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്നത്തെ സെമി മത്സരത്തിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കി ഒരു റെക്കോർഡ്. ഏകദിന ക്രിക്കറ്ര് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിന്റെ മൂന്ന് ബാറ്റ്സ്മാൻമാരും ഒരു റൺസ് മാത്രമെടുത്തു പുറത്താകുന്നത്. ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശ‌ർമ്മ, കെ.എൽ രാഹുൽ, ക്യാപ്ടൻ വിരാട് കൊഹ്ലി എന്നിവരാണ് ഒരു റൺസ് നേടി പുറത്തായത്. ഇത് ഇന്ത്യയ്ക്ക് നാണക്കേടിന്റെ ഒരു റെക്കോർഡ് സമ്മാനിച്ചു.

വെറും അഞ്ച് റൺസെടുക്കുന്നതിനിടെ രോഹിത് (1), കൊഹ്‌ലി (1), രാഹുൽ (1) എന്നിവർ നഷ്ടമായതോടെ ഇന്ത്യ ആദ്യം തന്നെ തകർന്നടിയുകയായിരുന്നു. മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാഥമിന് ക്യാച്ച് നൽകിയാണ് ഹിറ്റ്മാൻ മടങ്ങിയത്. നാല് പന്തിൽ ഒരു റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. സാഹചര്യങ്ങൾ മുതലാക്കി ന്യൂസിലൻഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോൾ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയും (1) വീണു. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ കോലി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി. അധികം വൈകാതെ രാഹുലിനെയും (1) മാറ്റ് ഹെൻറി ലാഥമിന്റെ കൈകളിൽ എത്തിച്ചു.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്‍മാൻമാർ ന്യൂസിലൻ‍ഡ് ബോളിംഗിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോൽവി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.