ബെംഗളൂരു: രാജി വച്ച എം.എൽ.എമാരുമായുള്ള അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി നാളെ രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്താൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യും എന്നാണ് സൂചന. മുഖ്യമന്ത്രി നാളെ ഗവർണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കിൽ മറ്റന്നാൾ നിയമസഭാ സമ്മേളനത്തിൽ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്.
ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോൺഗ്രസും ജെ.ഡി.എസും എത്തിയത്. നിലവിലെ വിമത എം.എൽ.എമാർക്ക് പുറമെ ഇന്ന് രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവച്ചതോടെയാണ് പുതിയ തീരുമാനം.
ബെംഗളൂരുവിലുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ നേതാക്കളഉമായി ചർച്ച നടത്തിയിരുന്നു.
കെസി വേണുഗോപാൽ, ദിനേശ് ഗുണ്ട്റാവു തുടങ്ങിയവരും പങ്കെടുത്തു. മുതിർന്ന നേതാക്കളുടെ ചർച്ചകൾക്ക് ശേഷം മുഖ്യന്ത്രിയുടെ ഓഫീസാണ് നാളെ രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിസഭായോഗം ചേരുന്ന കാര്യം അറിയിച്ചത്. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്നതാണ് നല്ലതെന്ന വികാരമാണ് ഇപ്പോഴുള്ളത്. കൂടുതൽ. എം.എൽ.എമാർ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങളും പുതിയ തീരുമാനത്തിലേക്ക് നയിക്കാൻ ഇടയാക്കി.