കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.
അർജുനെ (20)കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നു. അർജുന്റെ സുഹൃത്തുക്കളായ റോണി, നിപിൻ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.