ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ് കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമെന്ന് ആശുപത്രി സൂപ്രണ്ട് ക്രെെംബ്രാഞ്ചിനോട് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിയ ശേഷമാണ് പ്രതി മരിച്ചതെന്നതായിരുന്നു ജയിൽ അധികൃതരുടെ വാദം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടരുടെ മൊഴിയും പൊലീസിനെതിരായിരുന്നു. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി.
അതേസമയം, കസ്റ്റഡിമരണ കേസിൽ മുൻ എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതിക്കായി അന്വേഷണ സംഘം ശ്രമം തുടങ്ങിയതായാണ് സൂചന. ഇടുക്കി മുൻ എസ്.പിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് രാജ്കുമാറിനെ നാലു ദിവസം അനധികൃത കസ്റ്റഡിൽ സൂക്ഷിച്ചതെന്ന മൊഴി എസ്.ഐ സാബു ഇന്നലെയും ആവർത്തിച്ചു.
പീരുമേട് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയ സാബുവിനെ ഇന്നലെ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് എസ്.പിക്കെതിരെ നേരത്തേ നൽകിയ മൊഴി സാബു ആവർത്തിച്ചത്. അന്വേഷണപുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായായ നെടുങ്കണ്ടം റസ്റ്റ് ഹൗസിലെത്തിയതായിരുന്നു ഐ.ജി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസംതന്നെ വാട്‌സ്ആപ്പിലൂടെ ഇയാളുടെ ചിത്രവും കേസ് വിവരങ്ങളും താൻ എസ്.പിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കും നൽകിയെന്ന് എസ്.ഐ മൊഴി നൽകി. കസ്റ്റഡിയിൽ സൂക്ഷിച്ച നാലു ദിവസവും വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നായും സാബു പറഞ്ഞു.